തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പാക്കി സര്‍ക്കാര്‍: വസ്ത്ര വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന; നിയമം ലംഘിച്ചവര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: സംസ്ഥാനത്തെ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരുടെ
അവകാശങ്ങള്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ പ്രധാന വസ്ത്ര വ്യാപാരസ്ഥാപനങ്ങളില്‍ തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. ജില്ലാ ലേബര്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ കേരളത്തിലെ 147 സ്ഥാപനങ്ങളിലായാണ് പരിശോധന നടത്തിയത്.

നാഷണല്‍ ആന്‍ഡ് ഫെസ്റ്റിവല്‍ ഹോളിഡെയ്‌സ്, മെറ്റേണിറ്റി ബെനഫിറ്റ് തുടങ്ങിയ നിയമ പ്രകാരമുള്ള മിനിമം വേതനം, ബോണസ്, ഇരിപ്പിടം, തുടങ്ങിയ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതായും കണ്ടെത്തിയെന്നും മന്ത്രി ടിപി രാമകൃഷ്ണന്‍ അറിയിച്ചു. നിയമ ലംഘനം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.

”ബ്രാന്‍ഡഡ് വസ്ത്ര വ്യാപാര സ്ഥാപനങ്ങളില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന. ജില്ലാ ലേബര്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 147 സ്ഥാപനങ്ങളിലായാണ് പരിശോധന നടത്തിയത്.

147 സ്ഥാപനങ്ങളിലായി 1982 തൊഴിലാളികളെ (1246 പുരുഷന്‍, 736 സ്ത്രീ) നേരില്‍ കണ്ടു നടത്തിയ അന്വേഷണത്തില്‍ 226 തൊഴിലാളികള്‍ക്ക് മിനിമം വേതനം ലഭിക്കുന്നില്ലെന്നും 131 തൊഴിലാളികള്‍ക്ക് ബോണസ് ആനുകൂല്യം ലഭ്യമായിട്ടില്ലെന്നും കണ്ടെത്തി. നാഷണല്‍ ആന്‍ഡ് ഫെസ്റ്റിവല്‍ ഹോളിഡെയ്‌സ്, മെറ്റേണിറ്റി ബെനഫിറ്റ് തുടങ്ങിയ നിയമ പ്രകാരമുള്ള ആനുകൂല്യം നിഷേധിക്കുന്നതായും തൊഴിലാളികള്‍ക്ക് ഇരിപ്പിടം ലഭ്യമാക്കാത്ത സാഹചര്യവും കണ്ടെത്തി.

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് മിനിമം വേതനം തുടങ്ങിയ നിയമങ്ങളുടെ ലംഘനവും വേതന സുരക്ഷാ പദ്ധതിയില്‍ അംഗമാകാത്ത സ്ഥാപനങ്ങളെയും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. നിയമ ലംഘനം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളും. ഇച്ഛാശക്തിയുള്ള സര്‍ക്കാരാണിത്. തൊഴിലാളികളുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ ഉറപ്പ് വരുത്തും. പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദനങ്ങള്‍”.

Exit mobile version