വയനാട് ദുരൂഹ സാഹചര്യത്തില്‍ യുവതി മരിച്ച സംഭവം; മൃതദേഹത്ത് മുറിവേറ്റതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

വയനാട്: വൈത്തിരിയില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതി മരിച്ച സംഭവത്തില്‍ വീണ്ടും ദുരൂഹത വര്‍ധിക്കുന്നു. പുറത്ത് വന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മൃതദേഹത്ത് മുറിവുകള്‍ ഉളളതായി കണ്ടെത്തി. യുവതിയുടെ മരണത്തില്‍ സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയ ഭര്‍ത്താവിന് കഴിഞ്ഞ ദിവസം മര്‍ദനമേറ്റിരുന്നു. അതേസമയം ഗഗാറിനെതിരായ പരാതിയില്‍ സൂചിപ്പിച്ച യുവതിയുടെ സുഹൃത്ത് തുളസിക്ക് ജീവന് ഭീഷണിയുണ്ടെന്നുകാട്ടി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.

ഒക്ടോബര്‍ 21നാണ് വയനാട് വൈത്തിരി സ്വദേശി സക്കീനയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലിയില്‍ കണ്ടെത്തിയത്. സക്കീനയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മരണം സംഭവിക്കുന്നതിന് മുന്‍പ് യുവതിയുടെ ചുണ്ടിലും കഴുത്തിലും മുറിവേറ്റതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കഴുത്തിലെ മുറിവ് തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നതിനിടെ സംഭവിച്ചതാവാം. എന്നാല്‍ ചുണ്ടിലെ മുറിവിന്റെ കാരണം വ്യക്തമല്ല.

ഈ മുറിവ് ഇതുവരെ അന്വേഷണസംഘത്തിന്റെയും ശ്രദ്ധയില്‍ പെട്ടിട്ടില്ല. ഒരാഴ്ച മുമ്പ് പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുറിവിനെകുറിച്ച് വ്യക്തമായി പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തെകുറിച്ച് ഇനി പരിശോധിക്കുമെന്ന് മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന മറുപടി.

Exit mobile version