സുല്‍ത്താന്‍ ബത്തേരിയില്‍ പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; ബാലക്ഷേമസമിതി കേസെടുത്തു

വയനാട്: സ്‌കൂളില്‍ വെച്ച് പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ബാലക്ഷേമസമിതി കേസെടുത്തു. സുല്‍ത്താന്‍ ബത്തേരിയിലെ ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഷെഹ്‌ല ഷെറിനാണ് മരിച്ചത്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കും ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കും ഗുരുതര വീഴ്ച പറ്റിയെന്ന് ബോധ്യപ്പട്ടതായി ബാലക്ഷേമ സമിതി ചെയര്‍മാന്‍ അരവിന്ദാക്ഷന്‍ പറഞ്ഞു. ഡിഎംഒയോടും ഡെപ്യൂട്ടി ഡയറക്ടറോടും ഇതുവരെ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം സ്‌കൂള്‍ അധ്യാപകര്‍ക്കും ഡോക്ടര്‍ക്കുമെതിരെ കടുത്ത നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുമെന്നും അരവിന്ദാക്ഷന്‍ അറിയിച്ചു.

അധികൃതര്‍ക്ക് വീഴ്ച്ച പറ്റിയ സാഹചര്യത്തില്‍ കൂടുതല്‍ നടപടി കൈകൊള്ളാനാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ വയനാട്ടിലെ മുഴുവന്‍ സ്‌കൂളും പരിസരവും വൃത്തിയാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറും ജില്ലാ കളക്ടറും ഉത്തരവുകളിറക്കി.

ജില്ലയിലെ സ്‌കൂളുകളുടെ സുരക്ഷ നേരിട്ട് പരിശോധിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. പാമ്പുകടിയേറ്റാല്‍ എന്ത് ചെയ്യണം എന്നതില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്ക് പരിശീലനം നല്‍കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Exit mobile version