സന്നിധാനത്തെ നിയന്ത്രണങ്ങള്‍ നീക്കി: വലിയ നടപ്പന്തലില്‍ ഭക്തര്‍ക്ക് വിശ്രമിയ്ക്കാമെന്ന് പോലീസ്

ശബരിമല: സന്നിധാനത്തെ വലിയ നടപ്പന്തലില്‍ വിരിവെക്കുന്നതിന് പോലീസ് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. ഹൈക്കോടതി നിര്‍ദ്ദേശാനുസരണമാണ് നടപടി. ഐജി വിജയ് സാഖറെ നേരിട്ടെത്തിയാണ് തീര്‍ഥാടകരുമായി ആശയവിനിമയം നടത്തുകയും വിശ്രമിച്ചുകൊള്ളാന്‍ അവരോട് പറയുകയും ചെയ്തത്.

ഹൈക്കോടതി നിര്‍ദ്ദേശം പാലിക്കുമെന്നും ഭക്തര്‍ക്ക് ഇനി വിരിവെക്കാമെന്നും അദ്ദേഹം പറഞ്ഞു. വലിയ നടപ്പന്തലില്‍ ആരെയും ഉറങ്ങാന്‍ അനുവദിക്കില്ലെന്നും ഐജി വ്യക്തമാക്കി. വാവരുസ്വാമി നടയില്‍ വിശ്രമിക്കാമെന്ന നിര്‍ദ്ദേശം വന്നിട്ടില്ല. കഴിഞ്ഞ നാലു ദിവസവും വലിയ നടപ്പന്തലില്‍ വിരിവെക്കാന്‍ തീര്‍ഥാടകരെ പോലീസ് അനുവദിച്ചിരുന്നില്ല. എന്നാല്‍ ഹൈക്കോടതി നിര്‍ദ്ദേശം വന്നതോടെ പോലീസ് നിലപാട് മാറ്റി.

അതിനിടെ, വലിയ നടപ്പന്തലില്‍ വന്‍തോതില്‍ പോലീസിനെ വിന്യസിച്ചിച്ചുണ്ട്.
വിരിവെക്കാന്‍ അനുമതി നല്‍കുന്ന സാഹചര്യത്തില്‍ ഉണ്ടാകാനിടയുള്ള പ്രതിഷേധങ്ങള്‍ നേരിടാനാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. വലിയ നടപ്പന്തലില്‍ വിരിവെക്കാന്‍ ഭക്തരെ എന്തുകൊണ്ട് അനുവദിക്കുന്നില്ലെന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു.

നിയന്ത്രണങ്ങള്‍ നീക്കിയതില്‍ സന്തോഷമുണ്ടെന്ന് വി മുരളീധരന്‍ എം.പി പ്രതികരിച്ചു. അയ്യപ്പ ഭക്തരുടെ പ്രാര്‍ഥനയുടെയും അചഞ്ചല വിശ്വാസത്തിന്റെയും ഫലമായാണ് തീരുമാനമെന്ന് കരുതുന്നു. തീര്‍ഥാടകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഡിജിപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അദ്ദേഹം വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടാവാം. ബുദ്ധിമുട്ടുകള്‍ പരിഹരിക്കപ്പെടുന്നതോടെ കൂടുതല്‍ ഭക്തര്‍ ശബരിമലയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Exit mobile version