മാധ്യമ മേഖലയിലേക്ക് പട്ടികജാതി പട്ടികവര്‍ഗ ചെറുപ്പക്കാര്‍ കടന്നുവരണം; കുറിപ്പുമായി എകെ ബാലന്‍

പൊതുവില്‍ മാധ്യമ മേഖലയില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യം തീരെ കുറവാണ്.

തിരുവനന്തപുരം: മാധ്യമ മേഖലയിലേക്ക് പട്ടികജാതി പട്ടികവര്‍ഗ ചെറുപ്പക്കാര്‍ കടന്നുവരണമെന്ന് മന്ത്രി എകെ ബാലന്‍. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍നിന്ന് മാധ്യമ മേഖലയിലേക്ക് ചെറുപ്പക്കാര്‍ കടന്നുവരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പട്ടികജാതി വികസന വകുപ്പ് തിരുവനന്തപുരം പ്രസ്സ് ക്ലബ് ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ആരംഭിച്ച പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ജേര്‍ണലിസം കോഴ്‌സ് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

പൊതുവില്‍ മാധ്യമ മേഖലയില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യം തീരെ കുറവാണ്. ദേശീയ മാധ്യമങ്ങളില്‍ വളരെ വളരെ കുറവാണ്. കേരളത്തില്‍ പോലും ഈ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ മാധ്യമരംഗത്ത് കുറവാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ വേണ്ടവിധം പരിഗണിക്കാത്തതിന്റെ കാരണങ്ങളില്‍ ഒന്ന് ഇതാണെന്നു തന്നെ കരുതുന്നു. ഈ പോരായ്മ പരിഹരിക്കാനും പുതിയ അവസരങ്ങള്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് വേണ്ടി തുറക്കാനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു കോഴ്‌സ് രൂപകല്‍പന ചെയ്ത് ആരംഭിക്കുന്നതെന്ന് മന്ത്രി കുറിച്ചു.

മികച്ച വിദ്യാഭ്യാസവും മെച്ചപ്പെട്ട തൊഴിലും നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളെ ഉയര്‍ത്തി കൊണ്ടുവരുന്നതിനുള്ള വ്യത്യസ്തങ്ങളായ പദ്ധതികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വീസ് അക്കാദമി വഴി അഞ്ച് കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കുന്നുണ്ട്. പ്രീ-എക്സാമിനേഷന്‍ സെന്ററുകളില്‍ മത്സര പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികളെ പാകപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനവും വകുപ്പ് നടത്തുന്നു.

വകുപ്പിന്റെ ആകെ പദ്ധതി വിഹിതത്തില്‍ നാല്‍പ്പത് ശതമാനവും വിദ്യാഭ്യാസ മേഖലയിലാണ് ചെലവഴിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 25 ലക്ഷം രൂപയോളം സഹായം നല്‍കുന്നുണ്ട്. ഇത്തരത്തില്‍ 30 വിദ്യാര്‍ത്ഥികള്‍ വിദേശ സര്‍വകലാശാലകളില്‍ പഠിക്കുന്നുണ്ട്. വിദേശങ്ങളിലെ തൊഴില്‍ മേഖലകളിലുള്ള സാധ്യതകള്‍ മനസ്സിലാക്കിയുള്ള റിക്രൂട്ട്മെന്റും ഉത്തരവാദിത്വത്താടെ പട്ടികജാതി വികസന വകുപ്പ് നടത്തുന്നതായും മന്ത്രി പറഞ്ഞു.

പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ജേര്‍ണലിസത്തില്‍ ഏറ്റവും പുതിയ മൊബൈല്‍ ജേര്‍ണലിസം വരെ പഠിപ്പിക്കും. ആധുനിക മാധ്യമ പ്രവര്‍ത്തനത്തിന്റെ നാനാ വശങ്ങളെ കുറിച്ചുള്ള ക്ലാസുകള്‍ ലഭിക്കും. പൂര്‍ണ്ണമായും സൗജന്യമായാണ് പഠനമെന്ന് അ്‌ദേഹം കൂട്ടിച്ചേര്‍ത്തു. ചെലവ് പൂര്‍ണ്ണമായും വഹിക്കുന്നത് സര്‍ക്കാര്‍ തന്നെയാണ്. ഓരോ വിദ്യാര്‍ത്ഥിക്കും ഹോസ്റ്റല്‍ സൗകര്യമടക്കമുള്ള കാര്യങ്ങള്‍ക്കു പ്രതിമാസം 4500 രൂപയും നല്‍കും. മണ്ണന്തലയിലെ പരിശീലന കേന്ദ്രത്തിലെത്തി പ്രസ് ക്ലബ് ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യാപകര്‍ ക്ലാസെടുക്കും. മാസത്തില്‍ നിശ്ചിത ദിവസം തിരുവനന്തപുരം നഗരത്തിലെത്തിച്ചു പ്രായോഗിക പരിശീലനവും നല്‍കുമെന്നും മന്ത്രി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

മാധ്യമ മേഖലയിലേക്ക് പട്ടികജാതി പട്ടികവര്‍ഗ
ചെറുപ്പക്കാര്‍ കടന്നുവരണം.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍നിന്ന് മാധ്യമ മേഖലയിലേക്ക് ചെറുപ്പക്കാര്‍ കടന്നുവരേണ്ടതുണ്ട്. ഈ ലക്ഷ്യത്തോടെ പട്ടികജാതി വികസന വകുപ്പ് തിരുവനന്തപുരം പ്രസ്സ് ക്ലബ് ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ആരംഭിച്ച പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ജേര്‍ണലിസം കോഴ്‌സ് ഇന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു.

പൊതുവില്‍ മാധ്യമ മേഖലയില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യം തീരെ കുറവാണ്. ദേശീയ മാധ്യമങ്ങളില്‍ വളരെ വളരെ കുറവാണ്. കേരളത്തില്‍ പോലും ഈ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ മാധ്യമരംഗത്ത് കുറവാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ വേണ്ടവിധം പരിഗണിക്കാത്തതിന്റെ കാരണങ്ങളില്‍ ഒന്ന് ഇതാണെന്നു തന്നെ കരുതുന്നു. ഈ പോരായ്മ പരിഹരിക്കാനും പുതിയ അവസരങ്ങള്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് വേണ്ടി തുറക്കാനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു കോഴ്‌സ് രൂപകല്‍പന ചെയ്ത് ആരംഭിക്കുന്നത്.

മികച്ച വിദ്യാഭ്യാസവും മെച്ചപ്പെട്ട തൊഴിലും നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളെ ഉയര്‍ത്തി കൊണ്ടുവരുന്നതിനുള്ള വ്യത്യസ്തങ്ങളായ പദ്ധതികളാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വീസ് അക്കാദമി വഴി അഞ്ച് കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കുന്നുണ്ട്. പ്രീ-എക്സാമിനേഷന്‍ സെന്ററുകളില്‍ മത്സര പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികളെ പാകപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനവും വകുപ്പ് നടത്തുന്നു. വകുപ്പിന്റെ ആകെ പദ്ധതി വിഹിതത്തില്‍ നാല്‍പ്പത് ശതമാനവും വിദ്യാഭ്യാസ മേഖലയിലാണ് ചെലവഴിക്കുന്നത്. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 25 ലക്ഷം രൂപയോളം സഹായം നല്‍കുന്നുണ്ട്. ഇത്തരത്തില്‍ 30 വിദ്യാര്‍ത്ഥികള്‍ വിദേശ സര്‍വകലാശാലകളില്‍ പഠിക്കുന്നുണ്ട്. വിദേശങ്ങളിലെ തൊഴില്‍ മേഖലകളിലുള്ള സാധ്യതകള്‍ മനസ്സിലാക്കിയുള്ള റിക്രൂട്ട്മെന്റും ഉത്തരവാദിത്തത്തോടെ പട്ടികജാതി വികസന വകുപ്പ് നടത്തുന്നുണ്ട്.

പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ജേര്‍ണലിസത്തില്‍ ഏറ്റവും പുതിയ മൊബൈല്‍ ജേര്‍ണലിസം വരെ പഠിപ്പിക്കും. ആധുനിക മാധ്യമ പ്രവര്‍ത്തനത്തിന്റെ നാനാ വശങ്ങളെ കുറിച്ചുള്ള ക്ളാസ്സുകള്‍ ലഭിക്കും. പൂര്‍ണമായും സൗജന്യമായാണ് പഠനം. ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും. ഓരോ വിദ്യാര്‍ത്ഥിക്കും ഹോസ്റ്റല്‍ സൗകര്യമടക്കമുള്ള കാര്യങ്ങള്‍ക്കു പ്രതിമാസം 4500 രൂപയും നല്‍കും. മണ്ണന്തലയിലെ പരിശീലന കേന്ദ്രത്തിലെത്തി പ്രസ് ക്ലബ് ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യാപകര്‍ ക്ളാസെടുക്കും. മാസത്തില്‍ നിശ്ചിത ദിവസം തിരുവനന്തപുരം നഗരത്തിലെത്തിച്ചു പ്രായോഗിക പരിശീലനവും നല്‍കും.

തിരുവനന്തപുരം പ്രസ്സ് ക്ലബ് പ്രസിഡന്റ് സോണിച്ചന്‍ പി.ജോസഫ് അധ്യക്ഷനായ ചടങ്ങില്‍ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ തോമസ് ജേക്കബ് സംസാരിച്ചു. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗ് സ്വാഗതവും പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ നന്ദിയും പറഞ്ഞു. തിരുവനന്തപുരം പ്രസ്സ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണന്‍, തിരുവനന്തപുരം പ്രസ്സ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം ഡയറക്ടര്‍ ഋഷി കെ .മനോജ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Exit mobile version