ഷെഹ്‌ലയുടെ മരണം; മുന്‍കൂര്‍ ജാമ്യം തേടി അധ്യാപകര്‍ ഹൈക്കോടതിയില്‍

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ വെച്ച് വിദ്യാര്‍ത്ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കൊച്ചി: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ വെച്ച് വിദ്യാര്‍ത്ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഹെഡ്മാസ്റ്റര്‍ കെകെ മോഹനന്‍, അധ്യാപകനായ ഷജില്‍ എന്നിവരാണ് ബുധനാഴ്ച മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.

സംഭവം നടക്കുമ്പോള്‍ താന്‍ സ്റ്റാഫ് റൂമിലായിരുന്നുവെന്നാണ് ഷജില്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. പാമ്പ് കടിയേറ്റെന്ന് ഷെഹ്‌ല പരാതിപ്പെട്ടപ്പോള്‍ ക്ലാസ് മുറി പരിശോധിച്ചിരുന്നെന്നും എന്നാല്‍ പാമ്പിനെ കണ്ടെത്താനായില്ലെന്നുമാണ് ഷജിലിന്റെ വാദം.

കൂടാതെ കുട്ടികളോട് ക്ലാസില്‍ പോകാന്‍ ആവശ്യപ്പെട്ടത് രംഗം ശാന്തമാക്കാനും ഷെഹ്‌ലയ്ക്ക് ശുദ്ധവായു കിട്ടാനുമാണെന്നും ഷജില്‍ പറയുന്നു. മാധ്യമങ്ങളെ തൃപ്തിപ്പെടുത്താനും സ്‌കൂളിനെ താറടിച്ചു കാണിക്കാനും ആണ് തന്നെ പ്രതി ആക്കിയിരിക്കുന്നതെന്നും ഷജില്‍ ആരോപിക്കുന്നു.

അതേസമയം, മറ്റൊരു അധ്യാപകന്‍ പറയുമ്പോഴാണ് താന്‍ കാര്യം അറിഞ്ഞതെന്നാണ് വൈസ് പ്രിന്‍സിപ്പാളിന്റെ വാദം. ഷെഹ്‌ലയുടെ പിതാവ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയതിന്റെ പുറകെ ബൈക്കില്‍ താനും പോയതായും വൈസ് പ്രിന്‍സിപ്പാള്‍ പറയുന്നു.

ഷെഹ്ലയുടെ മരണത്തില്‍ സ്‌കൂളിലെ മൂന്ന് അധ്യാപകര്‍ക്കെതിരെയും ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയുമാണ് പോലീസ് കേസെടുത്തത്. പാമ്പുകടിയേറ്റ ഷെഹ്ലയ്ക്ക് അടിയന്തരമായി ചികിത്സ ഉറപ്പുവരുത്തുന്നതില്‍ ഇവരുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടെന്നായിരുന്നു പ്രാഥമികമായ കണ്ടെത്തല്‍. ഇതിനെത്തുടര്‍ന്ന് മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും ബാലനീതി നിയമത്തിലെ 75-ാം വകുപ്പ് പ്രകാരവുമാണ് ഇവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ രണ്ടാമത്തേത് ജാമ്യം ലഭിക്കാത്ത വകുപ്പാണ്.

Exit mobile version