കേരള ചിക്കന്‍ പദ്ധതി അട്ടപ്പാടിയില്‍ വരുന്നു; ഫാം ഒരുക്കുന്നത് 24 ഏക്കര്‍ സ്ഥലത്ത്

സംസ്ഥാന സര്‍ക്കാരിന്റെ കേരള ചിക്കന്‍ പദ്ധതി അട്ടപ്പാടിയിലും വരുന്നു. കോഴിവളര്‍ത്തലില്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കലും ഇറച്ചിക്കോഴി വിപണിയില്‍ എത്തിക്കലുമാണ് ഇതിന്റെ ലക്ഷ്യം.

പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ കേരള ചിക്കന്‍ പദ്ധതി അട്ടപ്പാടിയിലും വരുന്നു. കോഴിവളര്‍ത്തലില്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കലും ഇറച്ചിക്കോഴി വിപണിയില്‍ എത്തിക്കലുമാണ് ഇതിന്റെ ലക്ഷ്യം.

24 ഏക്കര്‍ പ്രദേശത്തൊരുങ്ങുന്ന ഫാമിന്റെ ആദ്യഘട്ടം മാര്‍ച്ച് മാസത്തോടെ പ്രവര്‍ത്തനം ആരംഭിക്കും. കുടുംബശ്രീയുമായി സഹകരിച്ചാണ് പദ്ധതി. കോഴിവളര്‍ത്തലില്‍ തമിഴ്‌നാട് ഉള്‍പ്പെടെയുളള അയല്‍ സംസ്ഥാനങ്ങളുടെ കുത്തക അവസാനിപ്പിക്കുക, കര്‍ഷകരെ ചൂഷണത്തില്‍ നിന്ന് രക്ഷപ്പെടുത്തുക, ഒപ്പം കോഴിയിറച്ചി വിപണിയില്‍ പുതിയ ബ്രാന്‍ഡും തുടങ്ങുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുളള ബ്രഹ്മഗരി ഫാര്‍മേഴ്‌സ് സൊസൈറ്റിയുടെ പ്രധാന ലക്ഷ്യങ്ങള്‍.

അട്ടപ്പാടി വട്ടലക്കിയില്‍ അടുത്ത മാര്‍ച്ചില്‍ ഫാം ആദ്യഘട്ടം പ്രവര്‍ത്തനം തുടങ്ങുന്നതോടെ ചുരുങ്ങിയത് 50000 കോഴികളെ വളര്‍ത്താനുളള സൗകര്യമുണ്ടാകും. പദ്ധതിയുടെ 50 ശതമാനം ഗുണഭോക്താക്കള്‍ ആദിവാസികളാണ്. മൃഗസംരക്ഷണ വകുപ്പ്, കുടുംബശ്രീ മിഷന്‍ എന്നിവയുടെ സഹകരണത്തോടെ, കോഴിവളര്‍ത്തലിന് കൂടുതല്‍ പ്രോത്സാഹനം നല്‍കും.

പ്രശസ്തമായ വെന്‍കൂബ് ഇനത്തില്‍പ്പെട്ട ഇറച്ചിക്കോഴികളെയാണ് കേരള ചിക്കന്‍ പദ്ധതി വഴി വളര്‍ത്തുക. ഹാച്ചറിയും സംസ്‌കരണ കേന്ദ്രവും നിലവില്‍ വരുന്നതോടെ, കേരളത്തിലെ ഏറ്റവും വലിയ ഫാം ആകും അട്ടപ്പാടിയിലേത്. ഓരോ ജില്ലയിലും തെരഞ്ഞെടുക്കപ്പെടുന്ന 1000 പേര്‍ക്കെങ്കിലും കോഴിക്കുഞ്ഞുങ്ങളെ നല്‍കി വളര്‍ത്തിയെടുത്ത് വിപണിയിലെത്തിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

Exit mobile version