തെറ്റിനെ ചോദ്യം ചെയ്ത ആ സിങ്കപ്പെണ്ണിന് വീടൊരുങ്ങുന്നു; നിദാ ഫാത്തിമയ്ക്ക് സഹായഹസ്തവുമായി ഹരിത

സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ഒരു മടിയോ ഭയമോ നിദയ്ക്ക് ഉണ്ടായിരുന്നില്ല.

തിരുവനന്തപുരം: സുല്‍ത്താന്‍ ബത്തേരി സര്‍വജന ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി ഷെഹ്‌ല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ചതിന്റെ അലയൊലികള്‍ അവസാനിക്കുന്നില്ല. ഷെഹ്‌ലയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തി സംസ്ഥാനത്തിന് അഭിമാനമായി മാറിയ വിദ്യാര്‍ത്ഥിനിയാണ് നിദാ ഫാത്തിമ. തെറ്റിനെ ചോദ്യം ചെയ്യാന്‍ കാണിച്ച ഒരേയൊരു മിടുക്കി നിദ തന്നെയായിരുന്നു.

സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ഒരു മടിയോ ഭയമോ നിദയ്ക്ക് ഉണ്ടായിരുന്നില്ല. ഈ ധൈര്യത്തിന് നിദയ്ക്ക് പുരസ്‌കാരവും ലഭിച്ചിരുന്നു. യങ് ഇന്ത്യാ പുരസ്‌കാരമാണ് നിദയ്ക്ക് ലഭിച്ചത്. ഇപ്പോള്‍ നിദയ്ക്ക് സഹായഹസ്തവുമായി എംഎസ്എഫിന്റെ വിദ്യാര്‍ത്ഥിനി കൂട്ടായ്മയായ ഹരിത സംസ്ഥാന കമ്മിറ്റി രംഗത്ത് വന്നിരിക്കുകയാണ്.

ക്ലാസ് റൂമില്‍ പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്‌ലയ്ക്ക് നീതി ലഭിക്കാന്‍ വേണ്ടി പോരാടുന്ന നിദ ഫാത്തിമയുടെ ഒപ്പം എന്നും ഹരിതയുണ്ടാകുമെന്ന് എംഎസ്എഫിന്റെ ദേശീയ ഉപാധ്യക്ഷയായ അഡ്വ. ഫാത്തിമ തഹിലിയ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അവര്‍ ഇക്കാര്യം പങ്കുവെച്ചത്. നിദ ഫാത്തിമയുടെ വീട് നിര്‍മ്മാണം ഹരിത സംസ്ഥാന കമ്മിറ്റി ഏറ്റെടുത്ത വിവരം സന്തോഷപൂര്‍വം അറിയിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മുന്‍മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ എംകെ മുനീറിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നിദയ്ക്ക് വീടു വെച്ച് നല്‍കാന്‍ തീരുമാനിച്ചതെന്ന് ഹരിത സംസ്ഥാന കമ്മറ്റി അറിയിച്ചു. നന്നായി പഠിക്കുന്ന കുട്ടികളില്‍ ഒരാള്‍ ആണ് നിദയെന്നും വളരെ ദയനീയ അവസ്ഥയിലാണ് നിദ താമസിക്കുന്നതെന്നും മുനീര്‍ പറഞ്ഞിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ക്ലാസ് റൂമില്‍ പാമ്പ് കടിയേറ്റ് മരിച്ച ശഹലക്ക് നീതി ലഭിക്കാന്‍ വേണ്ടി പോരാടുന്ന നിദ ഫാത്തിമയുടെ ഒപ്പം എന്നും ഹരിതയുണ്ടാകും. നിദ ഫാത്തിമയുടെ വീട് നിര്‍മ്മാണം ഹരിത സംസ്ഥാന കമ്മിറ്റി ഏറ്റെടുത്ത വിവരം സന്തോഷപൂര്‍വം അറിയിക്കുന്നു.

Exit mobile version