ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവം; വിദ്യാഭ്യാസ മന്ത്രിയും കൃഷി മന്ത്രിയും ഷെഹ്‌ലയുടെ വീട് സന്ദര്‍ശിച്ചു; സര്‍വജന സ്‌കൂളിന് രണ്ട് കോടി നല്‍കുമെന്ന് രവീന്ദ്രനാഥ്

വിദ്യാഭ്യാസ മന്ത്രി ഷെഹ്‌ലയുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ച ശേഷം സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചു

വയനാട്: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ കഴിഞ്ഞ ദിവസം സ്‌കൂളിലെ ക്ലാസ് മുറിയില്‍ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച വിദ്യാര്‍ത്ഥിനി ഷെഹ്‌ല ഷെറിന്റെ വീട് സന്ദര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. കൃഷി മന്ത്രി വി എസ് സുനില്‍ കുമാറും വിദ്യാഭ്യാസ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. വിദ്യാഭ്യാസ മന്ത്രി ഷെഹ്‌ലയുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ച ശേഷം സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചു.

സ്‌കൂളുകളില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പറഞ്ഞു. സ്‌കൂളിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു കോടി രൂപ ഉടന്‍ അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതിനാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ നഗരസഭയെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. അതേസമയം വയനാട്ടിലെ എല്ലാ സ്‌കൂളുകളിലും ഉടന്‍ പരിശോധന നടത്താന്‍ വേണ്ടിയുള്ള നടപടികള്‍ സ്വീകരിച്ചതായി മന്ത്രി അറിയിച്ചു.

Exit mobile version