ക്ലാസ് മുറിയില്‍ നിന്ന് പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം;വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കെഎസ്‌യു, ഓഫീസിന് മുന്നില്‍ പ്രതിഷേധം

സുല്‍ത്താന്‍ ബത്തേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു.

തിരുവനന്തപുരം: സുല്‍ത്താന്‍ ബത്തേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിന്റെ ഓഫീസിന് മുന്നില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്.

ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് ഓഫീസിന് മുന്നില്‍ തടഞ്ഞു. എന്നാല്‍ പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായിട്ടില്ല. പ്രവര്‍ത്തകര്‍ മതില്‍ ചാടിക്കടക്കാനുള്ള ശ്രമം നടത്തി. ഇത് പോലീസ് തടഞ്ഞു. പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

അതേസമയം, വിദ്യാര്‍ത്ഥിനി പഠിച്ചിരുന്ന സ്‌കൂളിന്റെ പ്രിന്‍സിപ്പാളിനെയും ഹെഡ്മാസ്റ്ററെയും വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു. സ്‌കൂളിന്റെ പിടിഎ കമ്മിറ്റിയും പിരിച്ചുവിട്ടു. അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍ നടപടി.

സംഭവത്തില്‍ അനാസ്ഥ കാണിച്ചെന്ന് ആരോപണവിധേയനായ അധ്യാപകനെ നേരത്തെ തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. യു പി സ്‌കൂള്‍ സയന്‍സ് അധ്യാപകനായ ഷജിലിനെയാണ് ഇന്നലെ തന്നെ സസ്‌പെന്‍ഡ് ചെയ്തത്.

Exit mobile version