അഞ്ച് ദിവസത്തിനിടെ 15 പേര്‍ക്ക് ഹൃദയാഘാതം; എല്ലാ പ്രധാന സെന്ററുകളിലും കാര്‍ഡിയോളജിസ്റ്റിന്റെ സേവനം, 15 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, എല്ലാം സജ്ജമെന്ന് ആരോഗ്യമന്ത്രി

പമ്പ മുതല്‍ ശബരിമല വരെയുള്ള ദീര്‍ഘദൂര കയറ്റം ആരോഗ്യമുള്ള ഒരാളില്‍ പോലും വിവിധ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കിയേക്കാം.

പമ്പ: ശബരിമല തീര്‍ത്ഥാടകര്‍ക്ക് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി ആരോഗ്യമന്ത്രി കെകെ ഷൈലജ. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 15ഓളം പേര്‍ക്കാണ് ഹൃദയാഘാതം സംഭവിച്ചത്. ഇതിനെ തുടര്‍ന്ന് തീര്‍ത്ഥാടകര്‍ക്കായി വന്‍ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ശബരിമല തീര്‍ത്ഥാടകര്‍ ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് മന്ത്രി പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.

പമ്പ മുതല്‍ ശബരിമല വരെയുള്ള ദീര്‍ഘദൂര കയറ്റം ആരോഗ്യമുള്ള ഒരാളില്‍ പോലും വിവിധ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കിയേക്കാം. ആ നിലയ്ക്ക് പ്രായമായവര്‍ക്കും കുട്ടികള്‍ക്കും രോഗികള്‍ക്കും വളരെ പെട്ടെന്ന് ആരോഗ്യ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എല്ലാ പ്രധാന സെന്ററുകളിലും കാര്‍ഡിയോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. പമ്പ മുതല്‍ സന്നിധാനം വരെ 15 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഹൃദയാഘാതം ഉണ്ടായാല്‍ ഷോക്ക് നല്‍കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഓട്ടോമെറ്റഡ് ഡിബ്രിഫ്രിലേറ്റര്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. അപ്പാച്ചിമേട്ടിലും നീലിമലയിലുമുള്ള കാര്‍ഡിയോളജി സെന്ററുകളില്‍ മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജിന്റെ സേവനം 24 മണിക്കൂറും ഉറപ്പ് വരുത്തിയിട്ടുണ്ട്. യാത്രാവേളയില്‍ എന്തെങ്കിലും ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയും ഇടത്താവളങ്ങളിലും സജ്ജമാക്കിയിരിക്കുന്ന ആരോഗ്യ സംവിധാനം ഉപയോഗിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

പമ്പ മുതല്‍ സന്നിധാനം വരെയുളള കാല്‍നട യാത്രയില്‍ തീര്‍ത്ഥാടകര്‍ക്ക് ഉണ്ടാകുന്ന നെഞ്ചിടിപ്പ്, ശ്വാസംമുട്ടല്‍, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ ഒരുപക്ഷെ ഹൃദയാഘാതത്തിലേക്ക് നീങ്ങാം. അതിനാല്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Exit mobile version