റാഗിങ്; ജൂനിയര്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് പേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്

മഞ്ചേരി: മഞ്ചേരിയില്‍ വിദ്യാര്‍ത്ഥിയെ സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന മൂന്ന് പേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കൊണ്ടോട്ടി നെടിയിരുപ്പ് പാറ വീട്ടില്‍ പി ഹസീബ് (20), ഐക്കരപ്പടി പുത്തൂപ്പാടം എടക്കാട് എന്‍ഇ മുഹമ്മദ് മുഹ്‌സിന്‍ (19), കൊണ്ടോട്ടി മുണ്ടക്കന്‍ കുന്നപ്പള്ളി പന്നിക്കുഴിയില്‍ മുഹമ്മദ് ബിഷര്‍ (19) എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് സെഷന്‍സ് കോടതി തള്ളിയത്.

കഴിഞ്ഞ ഒക്ടോബര്‍ 24ന് ഉച്ചക്ക് 12.50ന് പുളിക്കല്‍ വലിയപറമ്പ് ബ്ലോസം കോളേജ് പരിസരത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതേ കോളേജില്‍ പഠിക്കുന്ന ജൂനിയര്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികളായ മറ്റു മൂന്ന് കുട്ടികള്‍ ബൈക്ക് ചാവി, റിംഗ് തുടങ്ങിയവ കൊണ്ട് ആക്രമിച്ച് മുഖത്തെ എല്ല് പൊട്ടിച്ചുവെന്നാണ് കേസ്. പ്രതികള്‍ നിര്‍ദേശിച്ച പ്രകാരം കോളേജില്‍ വരാത്തതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം. കൊണ്ടോട്ടി പോലീസാണ് കേസ് അന്വേഷിക്കുന്നത്.

Exit mobile version