കുമ്മനം രാജശേഖരന്റെ പിഎ ചമഞ്ഞ് ഹോട്ടല്‍ മുറിയില്‍ സുഖതാമസം; പോലീസിനെയും കബളിപ്പിച്ച് വിലസി നടന്നത് കൊല്ലം മുന്‍ യുവമോര്‍ച്ചാ നേതാവ്

മറ്റൊരു ജില്ലയിലെ പോലീസ് മേലുദ്യോഗസ്ഥന്റെ നിര്‍ദേശമനുസരിച്ചായിരുന്നു പോലീസ് യുവാവിന് സൗകര്യങ്ങളൊരുക്കിയത്.

തൃശ്ശൂര്‍: മുന്‍ മിസോറാം ഗവര്‍ണറും ബിജെപിയിലെ മുതിര്‍ന്ന നേതാവുമായ കുമ്മനം രാജശേഖരന്റെ പിഎ ചമഞ്ഞ് ഹോട്ടല്‍ മുറിയില്‍ സുഖതാമസം നടത്തി കൊല്ലം മുന്‍ യുവമോര്‍ച്ചാ നേതാവ്. പോലീസ് ഉദ്യോഗസ്ഥനെയും കബളിപ്പിച്ചാണ് ഇയാള്‍ സുഖവാസം നടത്തിയത്. തൃശ്ശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്തുള്ള സ്വകാര്യ ഹോട്ടലിലാണ് ഇയാള്‍ പോലീസ് ചെലവില്‍ മുറിയെടുത്ത് സുഖവാസം തുടങ്ങിയത്.

എന്നാല്‍ ഇവിടെ നിന്നും ആരും അറിയാതെ യുവാവ് അവിടെ നിന്നും മുങ്ങുകയും ചെയ്തതായാണ് വിവരം. ഇതോടെയാണ് കബളിപ്പിക്കപ്പെട്ട വിവരം മനസിലായത്. ഇതോടെ പോലീസ് അന്വേഷണം നടത്തി. കുമ്മനം രാജശേഖരനോടും കാര്യം തിരക്കി. എന്നാല്‍ തനിക്ക് അങ്ങനെ ഒരു പിഎ ഇല്ലെന്ന് കുമ്മനം പറയുകയും ചെയ്തു. ശേഷം നടത്തിയ അന്വേഷണത്തിലാണ് യുവാവ് കൊല്ലം മുന്‍ യുവമോര്‍ച്ച നേതാവായിരുന്നെന്നും അറിഞ്ഞത്.

മറ്റൊരു ജില്ലയിലെ പോലീസ് മേലുദ്യോഗസ്ഥന്റെ നിര്‍ദേശമനുസരിച്ചായിരുന്നു പോലീസ് യുവാവിന് സൗകര്യങ്ങളൊരുക്കിയത്. തന്റെ പേഴ്സ് നഷ്ടമായെന്നും രണ്ട് ദിവസം തങ്ങാന്‍ സൗകര്യം ഒരുക്കണമെന്നുമായിരുന്നു യുവാവിന്റെ നിര്‍ദേശം. കൂടാതെ താന്‍ സുരേഷ് ഗോപി എംപിയുടെ സ്റ്റാഫില്‍ ഉടന്‍ കയറുമെന്നും അവിണിശ്ശേരി പഞ്ചായത്ത് എംപി ദത്തെടുത്തെന്നും യുവാവ് പറഞ്ഞതായി പോലീസ് പറയുന്നു.

എന്നാല്‍ മുറിയില്‍ താമസിച്ച് യുവാവ് മൂന്നാം നാള്‍ മുറിപൂട്ടി മുങ്ങുകയായിരുന്നു. മുറി ബുക്ക് ചെയ്തത് പോലീസ് ആയതിനാല്‍ ഹോട്ടല്‍ അധികൃതര്‍ പോലീസിനെ തന്നെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. അപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം അറിഞ്ഞത്. ഇയാള്‍ ഇപ്പോള്‍ കോയമ്പത്തൂരില്‍ ഉണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

Exit mobile version