ശിശുദിനാഘോഷ റാലിയില്‍ നെഹ്റുവിനെ വെട്ടി മോഡിയുടെ ഫോട്ടോ: വ്യാപക പ്രതിഷേധം

കായംകുളം: ശിശുദിനാഘോഷ റാലിയില്‍ നെഹ്റുവിന്റെ ചിത്രം ഒഴിവാക്കി നരേന്ദ്രമോഡിയുടെ ഫോട്ടോ ഉള്‍പ്പെടുത്തിയ നടപടിക്കെതിരേ വ്യാപക പ്രതിഷേധം.
കായംകുളം നഗരസഭാ 34 -ാം വാര്‍ഡിലെ അങ്കണവാടിയില്‍ സംഘടിപ്പിച്ച റാലിയിലായിരുന്നു സംഭവം.

വാര്‍ഡ് കൗണ്‍സിലറും ബിജെപി നേതാവുമായ ഡി അശ്വനീദേവിന്റെ നേതൃത്വത്തിലായിരുന്നു നെഹ്റുവിന്റെ ചിത്രം ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം ആലേഖനം ചെയ്ത ബാനര്‍ ഒരുക്കിയത്. രക്ഷിതാക്കളെയും അങ്കണ്‍വാടി ജീവനക്കാരെയും ഭീഷണിപ്പെടുത്തിയ കൗണ്‍സിലര്‍ റാലി നടത്താന്‍ അനുവദിക്കില്ലെന്ന് വെല്ലുവിളിച്ചതായും പരാതിയുണ്ട്.

വ്യാഴാഴ്ച രാവിലെ അങ്കണ്‍വാടിയിലെ കുഞ്ഞുങ്ങള്‍ റാലിക്കു തയാറായി വന്ന ഘട്ടത്തില്‍ ബാനര്‍ എടുത്തപ്പോഴാണ് ബാനറില്‍ നെഹ്റുവിനെ ഒഴിവാക്കിയത് രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെടുന്നത്. ജീവനക്കാരോട് വിവരം ആരാഞ്ഞപ്പോള്‍ അവരും ഇത് ശ്രദ്ധിച്ചിരുന്നില്ല. പ്രതിഷേധത്തെ തുടര്‍ന്ന് നെഹ്റുവിന്റെ ചിത്രം ബാനറില്‍ സ്ഥാപിച്ചു. ഇതറിഞ്ഞെത്തിയ ബിജെപി കൗണ്‍സിലര്‍ രോഷാകുലനായി ബാനര്‍ തട്ടിമാറ്റി നെഹ്റുവിന്റെ ചിത്രവും ഒഴിവാക്കുകയായിരുന്നു.

Exit mobile version