കോഴിക്കോട് യുവതിയും കുഞ്ഞും മരിച്ച സംഭവം; ദുരൂഹതയെന്ന് ബന്ധുക്കള്‍

കോഴിക്കോട്: കോഴിക്കോട് ഭര്‍തൃവീട്ടില്‍ യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് യുവതിയുടെ ബന്ധുക്കള്‍. കീഴരിയൂര്‍ കാരടിപ്പറമ്പത്ത് നിജിനയുടേയും എട്ട് മാസം പ്രായമുളള മകന്‍ റൂഡ്വിച്ചിന്റേയും മൃതദേഹം കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വെള്ളന്നുരിലുള്ള ഭര്‍തൃവീട്ടിലെ കിണറില്‍ കണ്ടെത്തിയത്.

സംഭവത്തിന് ശേഷം യുവതിയുടെ ഭര്‍ത്താവും രക്ഷിതാക്കളും ഒളിവിലാണ്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. ഭര്‍തൃവീട്ടുകാര്‍ സ്ഥിരമായി സ്ത്രീധനത്തെ ചൊല്ലി യുവതിയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

പ്രദേശവാസികളാണ് അമ്മയെയും കുഞ്ഞിനെയും കിണറ്റില്‍ നിന്നും പുറത്തെടുത്തത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് രജിലേഷും മാതാപിതാക്കളും ഒളുവില്‍ പോയി. ഇവര്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.

Exit mobile version