ശബരിമല സ്ത്രീപ്രവേശനം; സജീവമാകാന്‍ ഒരുങ്ങി കര്‍മ്മസമിതി, യുവതികളെത്തിയാല്‍ തടയാന്‍ പ്രവര്‍ത്തകര്‍ ശബരിമലയിലേയ്ക്ക്

ഇപ്പോള്‍ വീണ്ടുമൊരു വിധി വന്നതിനു പിന്നാലെ കര്‍മ്മസമിതി വീണ്ടും സജീവമാവുകയാണ്.

പത്തനംതിട്ട: ശബരിമലയിലെ കഴിഞ്ഞ തീര്‍ത്ഥാടന കാലം ഏറെ ചര്‍ച്ചയായ ഒന്നാണ്. സെപ്റ്റംബറിലാണ് ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള ചരിത്ര വിധി സുപ്രീംകോടതി പ്രസ്താവിച്ചത്. തുടര്‍ന്ന് ദര്‍ശനം നടത്തുവാനായി നിരവധി സ്ത്രീകളും എത്തിയിരുന്നു. അവരെ തടയാന്‍ വേണ്ടി കര്‍മ്മസമിതിയും സജീവമായി രംഗത്തുണ്ടായിരുന്നു. ഇപ്പോള്‍ വീണ്ടുമൊരു വിധി വന്നതിനു പിന്നാലെ കര്‍മ്മസമിതി വീണ്ടും സജീവമാവുകയാണ്.

ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുന്ന യുവതികളെ തടയാന്‍ ആണ് ലക്ഷ്യം. ഇത്തവണയും യുവതീ പ്രവേശനം സാധ്യമാക്കില്ല എന്ന് തന്നെയാണ് കര്‍മ്മസമിതിയുടെ തീരുമാനം. സംസ്ഥാനത്ത് ആകെയുള്ള കര്‍മ്മ സമിതി അംഗങ്ങള്‍ ഊഴമിട്ട് ശബരിമലയിലെത്തി തമ്പടിക്കാണ് തീരുമാനിച്ചിട്ടുള്ളത്. യുവതീ പ്രവേശനം ഉണ്ടായാല്‍ തടയും. കോടതിയുടെ അന്തിമ തീരുമാനം വരുന്നത് വരെ യുവതീ പ്രവേശനം വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്നിരിക്കെ പ്രത്യക്ഷ സമരം തല്‍ക്കാലം വേണ്ടെന്നും കര്‍മ്മസമിതിയില്‍ ധാരണയുണ്ടാക്കിയിട്ടുണ്ട്.

മണ്ഡല മകരവിളക്ക് ഉത്സവ കാലത്ത് എല്ലാ ദിവസവും കര്‍മ്മസമിതി പ്രവര്‍ത്തകര്‍ ശബരിമലയില്‍ തമ്പടിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇരുമുടിക്കെട്ടുമായി എത്താനാണ് സംഘങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഇതോടൊപ്പമാണ് പ്രധാന കേന്ദ്രങ്ങളില്‍ നാമജപം നടത്താനും തീരുമാനിച്ചുവെന്നും കര്‍മ്മസമിതി വ്യക്തമാക്കി.

Exit mobile version