744 ലിറ്റര്‍ വ്യാജകള്ളുമായി എസ്എന്‍ഡിപി നേതാവ് കോഴിക്കോട് പിടിയില്‍

കാരന്തൂര്‍ കൊളായിത്താഴത്തെ തന്റെ വീടിനോട് ചേര്‍ന്നുള്ള ഷെഡിലാണ് അശോകന്‍ വ്യാജകള്ള് നിര്‍മ്മിച്ചിരുന്നത്

കോഴിക്കോട്: 744 ലിറ്റര്‍ വ്യാജകള്ളുമായി എസ്എന്‍ഡിപി നേതാവ് കോഴിക്കോട് പിടിയില്‍. കോഴിക്കോട് യൂണിയന്‍ ചെയര്‍മാനും യോഗം അസിസ്റ്റന്റ് സെക്രട്ടറിയുമായ അശോകനാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ വീടിന് അടുത്തുള്ള ഷെഡില്‍ നിന്ന് വ്യാജകള്ളും കളള് നിര്‍മ്മിക്കുന്നതിനുള്ള പഞ്ചസാര ലായനിയും എക്‌സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.

കാരന്തൂര്‍ കൊളായിത്താഴത്തെ തന്റെ വീടിനോട് ചേര്‍ന്നുള്ള ഷെഡിലാണ് അശോകന്‍ വ്യാജകള്ള് നിര്‍മ്മിച്ചിരുന്നത്. എക്സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് സംഘം ഇവിടെ പരിശോധനയ്ക്ക് എത്തിയത്. എക്‌സൈസ് സംഘം നടത്തിയ മിന്നല്‍ പരിശോധനയില്‍ ഷെഡില്‍ നിന്നും രണ്ട് ബൊലേറോ ജീപ്പുകളില്‍ നിന്നുമായാണ് 744 ലിറ്റര്‍ വ്യാജകള്ള് പിടികൂടിയത്. ഇതിനുപുറമെ ഷെഡില്‍ നിന്ന് വ്യാജകള്ള് ഉണ്ടാക്കുന്നതിന് വേണ്ടി സംഭരിച്ച് വെച്ച 300 ലിറ്റര്‍ പഞ്ചസാര ലായനിയും 10 കിലോ പഞ്ചസാരയും പിടിച്ചെടുക്കുകയും ചെയ്തു.

ഇത് ആദ്യമായിട്ടാണ് കോഴിക്കോട് നിന്ന് ഇത്രയധികം വ്യാജകള്ള് പിടികൂടുന്നത് എന്നാണ് എക്‌സൈസ് സംഘം വ്യക്തമാക്കിയത്. എസ്എന്‍ഡിപി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കൂടിയായ അശോകന് കോഴിക്കോട് റേഞ്ചില്‍ രണ്ട് വര്‍ഷം മുമ്പ് കള്ളുഷാപ്പ് ലൈസന്‍സ് ഉണ്ടായിരുന്നു. കളളില്‍ മായം ചേര്‍ത്തതിന് ഇയാളുടെ പേരില്‍ അന്ന് എക്‌സൈസ് കേസും എടുത്തിരുന്നു. ലൈസന്‍സ് റദ്ദായ ശേഷമാണ് ഇയാള്‍ ഇത്തരത്തില്‍ വ്യാജകളള് നിര്‍മ്മാണം തുടങ്ങിയതെന്നാണ് സൂചന.

Exit mobile version