നിയമസഭയ്ക്ക് സ്വന്തം ടെലിവിഷന്‍ ചാനല്‍; ‘സഭാ ടിവി’യുടെ ലോഗോയും തീം മ്യൂസിക്കും പ്രകാശനം ചെയ്തു; പങ്കുവെച്ച് മന്ത്രി എകെ ബാലന്‍

ആദ്യ ഘട്ടത്തില്‍ മറ്റ് ചാനലുകളില്‍ നിശ്ചിത സമയം വാങ്ങി സഭാ ടിവിയുടെ പരിപാടികള്‍ സംപ്രേഷണം നടത്തുകയാണ്.

തിരുവനന്തപുരം: നിയമസഭയുടെ സ്വന്തം ടെലിവിഷന്‍ ചാനലായ ‘സഭാ ടിവി’യുടെ പ്രവര്‍ത്തനം ഭാഗികമായി തുടങ്ങുന്നതിന്റെ മുന്നോടിയായി ലോഗോയും തീം മ്യൂസിക്കും പ്രകാശനം ചെയ്തു. മന്ത്രി എകെ ബാലനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് പ്രകാശനം നിര്‍വഹിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു നിയമസഭ സ്വന്തമായി ടിവി ചാനല്‍ തുടങ്ങുന്നത്.

ആദ്യ ഘട്ടത്തില്‍ മറ്റ് ചാനലുകളില്‍ നിശ്ചിത സമയം വാങ്ങി സഭാ ടിവിയുടെ പരിപാടികള്‍ സംപ്രേഷണം നടത്തുകയാണ്. ക്രമേണ 24 മണിക്കൂറും പരിപാടികള്‍ ആരംഭിക്കാന്‍ കഴിയുമെന്നും മന്ത്രി കുറിച്ചു. മുഖ്യധാരാ മാധ്യമങ്ങള്‍ നിയമസഭാ പ്രവര്‍ത്തനങ്ങളുടെ അന്തഃസത്ത ചോരാതെ ജനങ്ങളിലെത്തിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് സ്വന്തം ചാനല്‍ ഉപയോഗിച്ച് സഭാപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കേരള നിയമസഭ ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ഇതിനു പുറമേ കേരളത്തിന്റെ രാഷ്ടീയ, സാമൂഹ്യ, സാമ്പത്തിക, സാംസ്‌കാരിക മണ്ഡലങ്ങളെ ആഴത്തില്‍ സ്പര്‍ശിക്കുന്ന പരിപാടികളും അവതരിപ്പിക്കും. ജനാധിപത്യത്തിലും ഭരണനിര്‍വഹണത്തിലും നിരവധി മികച്ച മാതൃകകള്‍ രാജ്യത്തിന് നല്‍കിയ കേരളത്തിന്റെ മറ്റൊരു മാതൃകയാണ് സഭാ ടിവിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2020 ജനുവരി ഒന്നിന് സഭാ ടിവി യുടെ ആദ്യഘട്ടം സംപ്രേഷണം തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

കേരള നിയമസഭയുടെ ചരിത്രത്തിലെ സുപ്രധാന ദിനങ്ങളിലൊന്നാണ് 2019 നവമ്പര്‍ 14. നിയമസഭയുടെ സ്വന്തം ടെലിവിഷന്‍ ചാനലായ ‘സഭാ ടിവി’യുടെ പ്രവര്‍ത്തനം ഭാഗികമായി തുടങ്ങുന്നതിന്റെ മുന്നോടിയായി ലോഗോയും തീം മ്യൂസിക്കും പ്രകാശനം ചെയ്തു. ബഹുമാനപ്പെട്ട ഗവര്‍ണര്‍ ശ്രീ. ആരിഫ് മുഹമ്മദ് ഖാനാണ് പ്രകാശനം നിര്‍വഹിച്ചത്. ബഹു . മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍, സ്പീക്കര്‍ ശ്രീ. പി. ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തല എന്നിവര്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു.

ഇന്ത്യയില്‍ ആദ്യമായാണ് ഒരു നിയമസഭ സ്വന്തമായി ടി വി ചാനല്‍ തുടങ്ങുന്നത്. ആദ്യ ഘട്ടത്തില്‍ മറ്റ് ചാനലുകളില്‍ നിശ്ചിത സമയം വാങ്ങി സഭാ ടി വി യുടെ പരിപാടികള്‍ സംപ്രേഷണം നടത്തുകയാണ്. ക്രമേണ 24 മണിക്കൂറും പരിപാടികള്‍ ആരംഭിക്കാന്‍ കഴിയും.

മുഖ്യധാരാ മാധ്യമങ്ങള്‍ നിയമസഭാ പ്രവര്‍ത്തനങ്ങളുടെ അന്തഃസത്ത ചോരാതെ ജനങ്ങളിലെത്തിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് സ്വന്തം ചാനല്‍ ഉപയോഗിച്ച് സഭാപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കേരള നിയമസഭ ശ്രമിക്കുന്നത്. ഇതിനു പുറമേ കേരളത്തിന്റെ രാഷ്ടീയ, സാമൂഹ്യ, സാമ്പത്തിക, സാംസ്‌കാരിക മണ്ഡലങ്ങളെ ആഴത്തില്‍ സ്പര്‍ശിക്കുന്ന പരിപാടികളും അവതരിപ്പിക്കും. ജനാധിപത്യത്തിലും ഭരണനിര്‍വഹണത്തിലും നിരവധി മികച്ച മാതൃകകള്‍ രാജ്യത്തിന് നല്‍കിയ കേരളത്തിന്റെ മറ്റൊരു മാതൃകയാണ് സഭാ ടിവി.

2020 ജനുവരി ഒന്നിന് സഭാ ടി വി യുടെ ആദ്യഘട്ടം സംപ്രേഷണം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.

Exit mobile version