ബിജെപിയെ മാറ്റി നിര്‍ത്തുകയാണ് പ്രധാനം; ശിവസേന-എന്‍സിപി സഖ്യത്തില്‍ തെറ്റില്ലെന്ന് എന്‍സിപി കേരള ഘടകം നേതാക്കള്‍

ശിവസേന സര്‍ക്കാരില്‍ എന്‍സിപി ഭാഗമായാല്‍ എല്‍ഡിഎഫില്‍ സാഹചര്യം വിശദീകരിക്കും

തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ ശിവസേനയുമൊത്ത്, എന്‍സിപി സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ തെറ്റില്ലെന്ന് എന്‍സിപി കേരള ഘടകം നേതാക്കള്‍. അധികാരത്തില്‍ നിന്ന് ബിജെപിയെ മാറ്റി നിര്‍ത്തുകയാണ് പ്രധാനമെന്നും നേതാക്കള്‍ വ്യക്തമാക്കി.

കേരളത്തില്‍ ഇടതു മുന്നണിക്കൊപ്പമാണ് എന്‍സിപി. അതുകൊണ്ടു തന്നെ, മഹാരാഷ്ട്രയില്‍ ശിവസേനയെ പിന്തുണച്ചാല്‍ സാഹചര്യങ്ങള്‍ ഇടതു മുന്നണിയില്‍ ധരിപ്പിക്കും. ബിജെപിയെ മാറ്റി നിര്‍ത്തുകയാണ് പ്രധാനമെന്നും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ടിപി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

2004 ലും കേരളത്തിലെ സഖ്യത്തിന് വിരുദ്ധമായി ദേശീയ തലത്തില്‍ എന്‍സിപി-യുപിഎ സര്‍ക്കാരില്‍ ഭാഗമായിട്ടുണ്ടെന്നും ടിപി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണത്തിന് മഹാരാഷ്ട്രയില്‍ ശിവസേനയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ശരദ് പവാര്‍ തന്നോട് അഭിപ്രായം ചോദിച്ചിരുന്നതായി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

എന്‍സിപി-ശിവസേന ചര്‍ച്ചയില്‍ അസ്വാഭാവികത ഇല്ലെന്ന് മന്ത്രിയും എന്‍സിപി നേതാവുമായ എ കെ ശശീന്ദ്രനും അഭിപ്രായപ്പെട്ടിരുന്നു. ദേശീയ തലത്തില്‍ ബിജെപിയെ എതിര്‍ക്കുക എന്നതാണ് എല്ലാ പാര്‍ട്ടികളും സ്വീകരിക്കുന്ന നയം. അത് തന്നെയാണ് എന്‍സിപിയുടേയും നയം. ശരദ് പവാറിന്റെ തീരുമാനം എന്തുതന്നെയായാലും അതിനെ പാര്‍ട്ടി അംഗീകരിക്കുമെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.

Exit mobile version