വീണ്ടും ‘അമ്മയുടെ കരുതലുമായി’ മന്ത്രി കെകെ ഷൈലജ; ‘ഹൃദ്യ’ത്തിലൂടെ ഒരു നവജാതശിശുവിന് കൂടി പുതുജീവന്‍

കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താനുള്ള അടിയന്തര ഹൃദയ ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ വിഷമിച്ച മാതാപിതാക്കള്‍ക്ക് 'ഹൃദ്യം' പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുകയായിരുന്നു.

തിരുവനന്തപുരം: വീണ്ടും അമ്മയുടെ കരുതലുമായി മന്ത്രി കെകെ ഷൈലജ. മന്ത്രിയുടെ ഇടപെടലില്‍ ഹൃദ്യം പദ്ധതിയിലൂടെ ഒരു നവജാത ശിശുവിന് കൂടി പുതുജീവന്‍ ലഭിച്ചിരിക്കുകയാണ്. രക്തത്തില്‍ ഓക്സിജന്‍ ഇല്ലാത്ത അപൂര്‍വരോഗത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ നവജാത ശിശുവിനാണ് ഇപ്പോള്‍ പുതുജീവന്‍ ലഭിച്ചിരിക്കുന്നത്.

കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താനുള്ള അടിയന്തര ഹൃദയ ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ വിഷമിച്ച മാതാപിതാക്കള്‍ക്ക് ‘ഹൃദ്യം’ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുകയായിരുന്നു. മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണിത്. നവംബര്‍ ഒന്നിനാണ് കുഞ്ഞ് ജനിച്ചത്. കൊരട്ടി മംഗലശ്ശേരി വൈശാഖ്-രഞ്ജിനി ദമ്പതിമാരുടെ കുഞ്ഞിനാണ് അപൂര്‍വരോഗം ബാധിച്ചത്.

അഞ്ചുലക്ഷം രൂപയോളം ചെലവ് വരുന്ന ശസ്ത്രക്രിയയിലൂടെ രോഗം മറികടക്കാനാവുമെന്ന അധികൃതരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ജനപ്രതിനിധികള്‍ ഇടപെട്ട് സഹായം ഉറപ്പാക്കുകയായിരുന്നു. ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ ആരോഗ്യനില സാധാരണ സ്ഥിതിയിലാക്കാമെന്ന് ഡോക്ടര്‍മാരും ഉറപ്പ് നല്‍കി. എന്നാല്‍ സാമ്പത്തികമായി പിന്നാക്കം നിന്ന ഇവരുടെ സ്ഥിതി ജില്ലാ പഞ്ചായത്തംഗം എംഎല്‍എ ബിഡി ദേവസിയെ അറിയിക്കുകയായിരുന്നു.

ശേഷം എംഎല്‍എ മന്ത്രിയുമായി ഇടപെട്ടു. തുടര്‍ന്ന് മന്ത്രി തന്നെ നേരിട്ട് എറണാകുളം ലിസി ആശുപത്രിയില്‍ വിളിച്ച് ശസ്ത്രക്രിയയ്ക്കുള്ള ഏര്‍പ്പാട് ചെയ്യുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് കുഞ്ഞ് സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Exit mobile version