യുഡിഎഫുകാര്‍ മറന്നോ മണിമേഖലയെ? വാളയാര്‍ കേസില്‍ മന്ത്രി എകെ ബാലനെ പഴിക്കുന്നവര്‍ അറിയണം ഈ കഥയും, ആ മനുഷ്യനെയും; കുറിപ്പ്

ഇഎന്‍ സുരേഷ് ബാബു എന്ന വ്യക്തിയാണ് വാളയാര്‍ കേസില്‍ മന്ത്രിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നവര്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരം: വാളയാര്‍ കേസില്‍ നീതി നിഷേധിക്കപ്പെട്ടതിനു പിന്നാലെ മന്ത്രി എകെ ബാലനെതിരെ വന്‍ തോതിലാണ് പ്രതിഷേധം ഉയര്‍ന്നത്. ഈ അവസരം മുതലെടുത്ത് യുഡിഎഫും ശക്തമായ പ്രക്ഷോഭവും കരിങ്കൊടി കാണിച്ച് രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ യുഡിഎഫിന്റെ കപടമുഖം വലിച്ചു കീറുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഒപ്പം മന്ത്രി എകെ ബാലന്‍ എന്ന മനുഷ്യനിലെ നന്മയും ജനങ്ങളോടുള്ള സമീപനവും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

ഇഎന്‍ സുരേഷ് ബാബു എന്ന വ്യക്തിയാണ് വാളയാര്‍ കേസില്‍ മന്ത്രിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നവര്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ നല്ല പ്രവര്‍ത്തന രീതിയെ തുറന്ന് കാണിക്കുന്ന സംഭവമാണ് മണിമേഖല എന്ന ആദിവാസി പെണ്‍കുട്ടിയുടെ മരണവും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളെന്നും അദ്ദേഹം കുറിക്കുന്നു. മറന്നോ മണിമേഖലയെ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് ആരംഭിക്കുന്നത്.

ചിറ്റൂര്‍ പോലീസ് സ്റ്റേഷനില്‍ 461/2014 നമ്പറായി രജിസ്റ്റര്‍ ചെയ്ത മണിമേഖല എന്ന 11 വയസുകാരിയുടെ കൊലപാതക കേസ് മറന്നവരെ ഒന്ന് ഓര്‍മ്മിപ്പിക്കാനാണ് ഈ പോസ്റ്റെന്ന് അദ്ദേഹം കുറിച്ചു. വാളയാര്‍ കേസ് ഉയര്‍ത്തിക്കാണിച്ച് വഴിനീളെ മന്ത്രിമാര്‍ക്ക് നേരെ കരിങ്കൊടിയും പാലക്കാട് ജില്ലയില്‍ ഹര്‍ത്താലും നടത്തി പ്രശ്‌നത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവരുടെ കപടമുഖം കാണണമെങ്കില്‍ മണിമേഖലയുടെ കഥ അറിയണമെന്ന് കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2014 മെയ് 18 ന് പാലക്കാട് ചിറ്റൂര്‍ കമ്പാലത്തറ ആദിവാസി കോളനിയില്‍ മണിമേഖല വിഷം കഴിച്ച് ആത്മഹത്യ ചെയ്തു എന്നായിരുന്നു ആദ്യം കേസ്. പക്ഷേ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോഴാണ് ക്രൂരമായ ബലാത്സംഗത്തിന് ഈ ബാലിക ഇരയായതായി പുറംലോകം അറിഞ്ഞത്. രാഷ്ടീയമായി കേസ് ഒതുക്കിതീര്‍ക്കുന്നു എന്നറിഞ്ഞ് താനും അന്നത്തെ എംഎല്‍എ എകെ ബാലനും കുടുംബത്തെ സന്ദര്‍ശിച്ചുവെന്ന് അദ്ദേഹം കുറിച്ചു. നിയമസഭയില്‍ പ്രസംഗങ്ങളിലൂടെയും ചോദ്യോത്തര വേളകളിലും എകെ ബാലന്‍ വിഷയം ഉന്നയിച്ചു.

ഇരയുടെ കുടുംബത്തിന് സ്വന്തമായ വീടും മറ്റ് സഹായങ്ങളും നല്‍കാന്‍ ഇടപെട്ടു. പഞ്ചായത്തുമായി ബന്ധപ്പെട്ട് ഏഴര ലക്ഷം രൂപ ചെലവഴിച്ച് വീട് നല്‍കാന്‍ സാധിച്ചു. അന്വേഷണത്തില്‍ വീഴ്ച വരുക്കിയ എസ്‌ഐയെ സസ്‌പെന്റ് ചെയ്തു. അന്ന് പാര്‍ട്ടി ഇടപെട്ടതിനെ തുടര്‍ന്നാണ് പ്രതിയെ നിയമത്തിന് മുന്നിലെത്തിക്കാന്‍ കഴിഞ്ഞതെന്നും സുരേഷ് ബാബു കുറിച്ചു.

മണിമേഖലയുടെ അമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്താതിരിക്കാന്‍ അന്നത്തെ ഭരണകക്ഷി എംഎല്‍എയുടെ അറിവോടെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന് അവരെ തട്ടിക്കൊണ്ടുപോയി ഒളിവില്‍ പാര്‍പ്പിച്ചതായും അദ്ദേഹം കുറിച്ചു. പോലീസിനെ ഉപയോഗിച്ച് അന്ന് യുഡിഎഫ് സര്‍ക്കാര്‍ കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചുവെന്ന് ഇതിലൂടെ വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതാവ് ശെന്തില്‍വേല്‍ ആണ് പ്രതിയെന്നും സുരേഷ് കുറിച്ചു. ഇയാളുടെ തോട്ടത്തിലെ തൊഴിലാളികളായ ശെല്‍വരാജ്-ലക്ഷ്മി ദമ്പതികളുടെ മകളാണ് കൊല്ലപ്പെട്ട മണിമേഖല. ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം മണിമേഖലയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം കുറിച്ചു.

ഈ കേസില്‍ ശെന്തില്‍വേല്‍ ഇതുവരെയും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെന്നും സുരേഷ് കുറിച്ചു. വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട കോടതി നടപടിയില്‍ കൃത്യമായ പരിശോധനയും വീഴ്ചയുണ്ടായെങ്കില്‍ തിരുത്തലും നടത്തുമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഒന്നും പറയാനില്ലാതെ തെരഞ്ഞെടുപ്പിലും തോറ്റ് നില്‍ക്കുന്നവര്‍ പെട്ടെന്ന് കിട്ടിയ വടിയായി വാളയാര്‍ കേസിനെ ഉപയോഗിക്കുമ്പോള്‍ മണിമേഖലയെ പോലെ നീതികിട്ടാത്തവരെ കൂടി ഓര്‍ക്കുന്നത് നല്ലതാണെന്നും അദ്ദേഹം തുറന്നടിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

മറന്നോ മണിമേഖലയെ…?

ചിറ്റൂര്‍ പോലീസ് സ്റ്റേഷനില്‍ 461/2014 നമ്പറായി രജിസ്റ്റര്‍ ചെയ്ത മണിമേഖല എന്ന 11 വയസുകാരിയുടെ കൊലപാതക കേസ് മറന്നവരെ ഒന്ന് ഓര്‍മ്മിപ്പിക്കാനാണ് ഈ പോസ്റ്റ്. വാളയാര്‍ കേസ് ഉയര്‍ത്തിക്കാണിച്ച് വഴിനീളെ മന്ത്രിമാര്‍ക്ക് നേരെ കരിങ്കൊടിയും പാലക്കാട് ജില്ലയില്‍ ഹര്‍ത്താലും നടത്തി പ്രശ്‌നത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവരുടെ കപടമുഖം കാണണമെങ്കില്‍ മണിമേഖലയുടെ കഥ അറിയണം.

2014 മെയ് 18 ന് പാലക്കാട് ചിറ്റൂര്‍ കമ്പാലത്തറ ആദിവാസി കോളനിയില്‍ മണിമേഖല വിഷം കഴിച്ച് ആത്മഹത്യ ചെയ്തു എന്നായിരുന്നു ആദ്യം കേസ്. പക്ഷെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോഴാണ് ക്രൂരമായ ബലാത്സംഗത്തിന് ഈ ബാലിക ഇരയായതായി പുറംലോകം അറിഞ്ഞത്. രാഷ്ടീയമായി കേസ് ഒതുക്കിതീര്‍ക്കുന്നു എന്നറിഞ്ഞ് ഞാനും അന്നത്തെ എംഎല്‍എ എ കെ ബാലനും കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. നിയമസഭയില്‍ പ്രസംഗങ്ങളിലൂടെയും ചോദ്യോത്തര വേളകളിലും എ കെ ബാലന്‍ വിഷയം ഉന്നയിച്ചു. ഇരയുടെ കുടുംബത്തിന് സ്വന്തമായ വീടും മറ്റ് സഹായങ്ങളും നല്‍കാന്‍ ഇടപെട്ടു. പഞ്ചായത്തുമായി ബന്ധപ്പെട്ട് ഏഴര ലക്ഷം രൂപ ചെലവഴിച്ച് വീട് നല്‍കാന്‍ സാധിച്ചു. അന്വേഷണത്തില്‍ വീഴ്ച വരുക്കിയ എസ്‌ഐയെ സസ്‌പെന്റ് ചെയ്തു. അന്ന് പാര്‍ട്ടി ഇടപെട്ടതിനെ തുടര്‍ന്നാണ് പ്രതിയെ നിയമത്തിന് മുന്നിലെത്തിക്കാന്‍ കഴിഞ്ഞത്.

മണിമേഖലയുടെ അമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്താതിരിക്കാന്‍ അന്നത്തെ ഭരണകക്ഷി എംഎല്‍എയുടെ അറിവോടെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന് അവരെ തട്ടിക്കൊണ്ടുപോയി ഒളിവില്‍ പാര്‍പ്പിച്ചു. പോലീസിനെ ഉപയോഗിച്ച് അന്ന് യുഡിഎഫ് സര്‍ക്കാര്‍ കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചുവെന്ന് വ്യക്തമാണ്. എ കെ ബാലനും ഞാനും സന്ദര്‍ശിച്ച ശേഷമാണ് ആ സംഭവം കൂടുതല്‍ ജനശ്രദ്ധയില്‍ വരികയും കുറെക്കൂടി സൂക്ഷ്മമായ അന്വേഷണം നടത്താന്‍ പോലീസ് നിര്‍ബന്ധിതമാവുകയും ചെയ്തത്. എങ്കിലും ആദ്യഘട്ടത്തില്‍ നടത്തിയ ക്രമക്കേടുകള്‍ പ്രതിക്ക് സഹായകമായിരുന്നു. തുടര്‍ന്ന് ആത്മഹത്യയല്ല കൊലപാതകമാണ് നടന്നിട്ടുള്ളതെന്ന് വ്യക്തമായി. കോണ്‍ഗ്രസ് നേതാവ് ശെന്തില്‍വേല്‍ ആണ് പ്രതി. ഇയാളുടെ തോട്ടത്തിലെ തൊഴിലാളികളായ ശെല്‍വരാജ്-ലക്ഷ്മി ദമ്പതികളുടെ മകളാണ് കൊല്ലപ്പെട്ട മണിമേഖല. ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം മണിമേഖലയെ കൊലപ്പെടുത്തുകയായിരുന്നു.

ഈ കേസില്‍ ശെന്തില്‍വേല്‍ ഇതുവരെയും ശിക്ഷിക്കപ്പെട്ടിട്ടില്ല. കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ അടക്കമുള്ളവരുടെ രാഷ്ട്രീയ ഇടപെടലും അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ കീഴിലുള്ള പോലീസിന്റെ കള്ളക്കളികളും കാരണം റിമാന്റ് കാലാവധിയായ 90 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷം പ്രതി പുറത്തുവന്നു. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാതെ പ്രതിയെ രക്ഷിച്ചത് പോലീസാണ്. കൊലപാതകം, ബലാത്സംഗം, പോക്‌സോ, പട്ടികജാതി, പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമം എന്നിങ്ങനെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ചൊവ്വാഴ്ച (05.11.2019) നിയമസഭയില്‍ ടി വി രാജേഷ് എംഎല്‍എ ഈ വിഷയം ഉന്നയിച്ച് പ്രസംഗിച്ചിട്ടുണ്ട്. വാളയാര്‍ കേസില്‍ പോലീസിന്റെ ഭാഗത്ത് നിന്നും തെറ്റായ നീക്കം ഉണ്ടായപ്പോള്‍ തന്നെ സിപിഐഎം നേതാക്കളും മന്ത്രി എ കെ ബാലനും അവിടം സന്ദര്‍ശിക്കുകയും തുടര്‍ന്ന് കേസ് അന്വേഷണത്തിന് പുതിയ ടീമിനെ നിയമിക്കുകയും ചെയ്തിരുന്നു. ഇരയുടെ കുടുംബത്തിന് നീതി ലഭിക്കാതിരിക്കുന്ന ഒരു നടപടിയും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്ന് ജനങ്ങള്‍ക്കറിയാം. മണിമേഖലയുടെ കേസിലും വാളയാര്‍ കേസിലും അന്നും ഇന്നും സിപിഐ എം നടത്തിയ ഇടപെടലുകള്‍ നീതി ലഭ്യമാക്കാന്‍ വേണ്ടി തന്നെയായിരുന്നു. മണിമേഖല കൊല്ലപ്പെട്ട സംഭവം നടന്നപ്പോള്‍ ഷാഫി പറമ്പില്‍ എംഎല്‍എ എന്ത് ഇടപെടലാണ് നടത്തിയത് എന്നറിയാന്‍ താല്‍പര്യമുണ്ട്. മാത്രമല്ല, വാളയാര്‍ കേസില്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഭിഭാഷകയെ യുഡിഎഫ് ഭരണകാലത്ത് ആ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത് ആരാണെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കിയാല്‍ കൊള്ളാം.

മണിമേഖലയുടെ കേസ് ഇന്നും കോടതിയിലാണ്. അന്നത്തെ യുഡിഎഫ് ഭരണകൂടം കുറ്റവാളിയോടൊപ്പം നിലകൊണ്ടതിന്റെ ഫലമായി കേസില്‍ തീര്‍പ്പില്ലാതെ മുന്നോട്ട് പോവുകയാണ്. വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട കോടതി നടപടിയില്‍ കൃത്യമായ പരിശോധനയും വീഴ്ചയുണ്ടായെങ്കില്‍ തിരുത്തലും നടത്തുമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. സിപിഐ എം നേതാക്കളെയും മന്ത്രി എ കെ ബാലനെയും സാമൂഹ്യമാധ്യമങ്ങളിലൂടെ തെറിവിളിക്കുന്നവരുടെ രാഷ്ട്രീയ ലക്ഷ്യം എന്താണെന്ന് വ്യക്തമാണ്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഒന്നും പറയാനില്ലാതെ തെരഞ്ഞെടുപ്പിലും തോറ്റ് നില്‍ക്കുന്നവര്‍ പെട്ടെന്ന് കിട്ടിയ വടിയായി വാളയാര്‍ കേസിനെ ഉപയോഗിക്കുമ്പോള്‍ മണിമേഖലയെ പോലെ നീതികിട്ടാത്തവരെ കൂടി ഓര്‍ക്കുന്നത് നല്ലതാണ്. രാഷ്ട്രീയലക്ഷ്യത്തോടെ വാളയാര്‍ കേസില്‍ ഇടപെടുന്നവരുടെ കപടമുഖം എല്ലാവരും മനസ്സിലാക്കേണ്ടതാണ്.

Exit mobile version