ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല, സമൂഹമാധ്യമങ്ങളില്‍ തോന്നിയതൊക്കെ എഴുതി വിടും; ഡബ്ല്യുസിസിക്കെതിരെ നടന്‍ സിദ്ധിഖ്

നടിയെ ആക്രമിച്ച സംഭവത്തില്‍ ആരോപണ വിധേയനായ നടന്‍ ദിലീപിനെ താരസംഘടനയായ എഎംഎംഎ സംരക്ഷിക്കുന്നുവെന്നതില്‍ ശക്തമായ പ്രതിഷേധം സ്ത്രീ വിഭാഗങ്ങള്‍ക്കിടയില്‍ നിന്നിരുന്നു.

ആലുവ: നടികളുടെ സംഘടനയായ ഡബ്ല്യുസിസിക്കെതിരെ വീണ്ടും ആരോപണവുമായി നടന്‍ സിദ്ധിഖ്. റൂറല്‍ ജില്ലാ പോലീസും കേരള പോലീസ് അസോസിയേഷന്‍ റൂറല്‍ ജില്ലാ കമ്മിറ്റിയും ചേര്‍ന്നു സംഘടിപ്പിച്ച ‘ടോക് ഷോ’യില്‍ സംസാരിക്കുമ്പോഴായിരുന്നു താരം ഡബ്ല്യുസിസിക്കെതിരെ ആരോപണം ഉന്നയിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വിമര്‍ശനം.

ആക്രമിക്കപ്പെട്ട നടിക്കു വേണ്ടി വനിതാ താരങ്ങളുടെ സംഘടനയായ ഡബ്ല്യുസിസി ഒന്നും ചെയ്തില്ലെന്നാണ് സിദ്ധിഖിന്റെ വിമര്‍ശനം. സമൂഹമാധ്യമങ്ങില്‍ തോന്നിയതൊക്കെ എഴുതി വിടുക മാത്രമാണ് അവര്‍ ചെയ്തതെന്നും താരം ആരോപിച്ചു. നടി ആക്രമിക്കപ്പെട്ടതറിഞ്ഞ ഉടന്‍ താരസംഘടനയായ എഎംഎംഎയുടെ ഭാരവാഹികള്‍ മുഖ്യമന്ത്രിയെയും ഡിജിപിയെയും കണ്ടുവെന്നും സിദ്ധിഖ് കൂട്ടിച്ചേര്‍ത്തു.

3 ദിവസത്തിനുള്ളില്‍ പ്രതി പള്‍സര്‍ സുനിയെ പിടികൂടി. 85 ദിവസം ജയിലില്‍ കിടന്ന നടനെതിരെ മാസങ്ങള്‍ക്കു ശേഷമാണ് അയാള്‍ ആരോപണം ഉന്നയിച്ചതെന്നും സിദ്ധിഖ് പറയുന്നു. ലഹരിമരുന്ന് മാഫിയയ്‌ക്കെതിരെ പോലീസുമായി കൈകോര്‍ത്തു പോരാടാന്‍ തയാറാണെന്നും താരം തുറന്ന് പറഞ്ഞു. നടിയെ ആക്രമിച്ച സംഭവത്തില്‍ ആരോപണ വിധേയനായ നടന്‍ ദിലീപിനെ താരസംഘടനയായ എഎംഎംഎ സംരക്ഷിക്കുന്നുവെന്നതില്‍ ശക്തമായ പ്രതിഷേധം സ്ത്രീ വിഭാഗങ്ങള്‍ക്കിടയില്‍ നിന്നിരുന്നു. തുടര്‍ന്ന് ചിലര്‍ സംഘടന വിടുകയും ചെയ്തു. ശേഷമാണ് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നം ചര്‍ച്ച ചെയ്യാനും പരിഹരിക്കാനും മറ്റുമായി ഡബ്ല്യുസിസി സംഘടന ആരംഭിച്ചത്.

Exit mobile version