ചീഫ് സെക്രട്ടറിയുടെ ലേഖനം കോടതി അലക്ഷ്യം; സര്‍ക്കാര്‍ അനുമതിയോടെയാണോ ലേഖനമെന്ന് മുഖ്യമന്ത്രി പരിശോധിക്കണം; വിമര്‍ശനവുമായി കാനം

ഇടത് പക്ഷത്തില്‍ ഭിന്നതയില്ലെന്നും നിലപാടുകളില്‍ ഉള്ള അഭിപ്രായ വ്യത്യാസം മാത്രമാണുള്ളതെന്നും കാനം വ്യക്തമാക്കി

കണ്ണൂര്‍: ചീഫ് സെക്രട്ടറി ടോം ജോസിനെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാവോയിസ്റ്റ് വിഷയത്തിലുള്ള, ചീഫ് സെക്രട്ടറി ടോം ജോസിന്റെ ലേഖനം കോടതി അലക്ഷ്യമാണെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ നടപടി മജിസ്റ്റീരിയല്‍ അന്വേഷണത്തെ സ്വാധീനിക്കുന്നതാണെന്നും കാനം കൂട്ടിച്ചേര്‍ത്തു.

മാവോയിസ്റ്റ് വിഷയത്തില്‍ കോടതി നടപടി പുരോഗമിക്കുമ്പോള്‍ ചീഫ് സെക്രട്ടറി നടത്തിയ അഭിപ്രായ പ്രകടനം തെറ്റായിപ്പോയി. അത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തെറ്റായ സന്ദേശം നല്‍കുന്നതാണ്. സുപ്രീം കോടതി, ഹൈക്കോടതി വിധികള്‍ക്ക് എതിരാണ് നിലപാട്. സര്‍ക്കാര്‍ അനുമതിയോടെയാണോ ലേഖനം എഴുതിയതെന്ന് മുഖ്യമന്ത്രി പരിശോധിക്കണമെന്നും കാനം പറഞ്ഞു.

ഇടത് പക്ഷത്തില്‍ ഭിന്നതയില്ലെന്നും നിലപാടുകളില്‍ ഉള്ള അഭിപ്രായ വ്യത്യാസം മാത്രമാണുള്ളതെന്നും കാനം വ്യക്തമാക്കി. ഇത് സര്‍ക്കാരിനെയോ ഭരണത്തെയോ ബാധിക്കില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

അട്ടപ്പാടിയിലെ മേലേ മഞ്ചികണ്ടിയില്‍ നടന്ന പോലീസ് ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതും, കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതുമായി ബന്ധപ്പെട്ടായിരുന്നു ചീഫ് സെക്രട്ടറി ടോം ജോസിന്റെ ലേഖനം. ഒരു ഇംഗ്ലീഷ് പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് മാവോയിസ്റ്റുകള്‍ക്ക് എതിരായ നടപടിയെ ചീഫ് സെക്രട്ടറി ടോം ജോസ് ന്യായീകരിച്ചത്.

മാവോയിസ്റ്റുകള്‍ തീവ്രവാദികള്‍ തന്നെയാണ്. ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാറുകളെ അട്ടിമറിക്കാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്. അതിനാല്‍ മാവോയിസ്റ്റുകളുടെ രീതികളെ ന്യായീകരിക്കാന്‍ സാധിക്കില്ല. അവര്‍ക്ക് മനുഷ്യാവകാശങ്ങള്‍ ഇല്ല എന്നുമായിരുന്നു ടോം ജോസ് ലേഖനത്തില്‍ വ്യക്തമാക്കുന്നത്.

Exit mobile version