രാജ്യത്ത് ഉള്ളി വില കുതിച്ചുയരുന്നു

രാജ്യത്ത് ഉള്ളി വില കുതിച്ചുയരുന്നു. കര്‍ണാടക, തമിഴ്‌നാട് എന്നിവടങ്ങളിലെ കനത്ത മഴകാരണം വലിയ തോതില്‍ കൃഷി നാശം സംഭവിച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു.

ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളി വില കുതിച്ചുയരുന്നു. കര്‍ണാടക, തമിഴ്‌നാട് എന്നിവടങ്ങളിലെ കനത്ത മഴകാരണം വലിയ തോതില്‍ കൃഷി നാശം സംഭവിച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. ഒരാഴ്ച മുന്‍പ് കിലോയ്ക്ക് 60 രൂപയായിരുന്ന സവാളയുടെ വില ഇന്ന് 80 രൂപ വരെ എത്തി. തക്കാളി കിലോയ്ക്ക് 30 ആയിരുന്നത് 40 രൂപയിലേക്കും എത്തി.

ചെറിയ ഉള്ളി കിലോയ്ക്ക് 60 രൂപയില്‍ നിന്ന് 80 ലേക്കും വില നിലവാരം ഉയര്‍ന്നു. രാജ്യത്ത് മൊത്തില്‍ ഉള്ളി വില വീണ്ടും മുകളിലേക്ക് കയറുന്നതിന്റെ സൂചനയാണ് വിപണിയില്‍ ദൃശ്യമാകുന്നത്. രാജ്യത്താകെ ശരാശരി സവാളയുടെ നിരക്ക് കിലോയ്ക്ക് 70 രൂപ മുതല്‍ 80 രൂപ വരെയാണെന്ന് പ്രമുഖ ദേശീയ മാധ്യമായ ബിസിനസ് സ്റ്റാന്റേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മഹാരാഷ്ട്രയിലെ ചില മാര്‍ക്കറ്റുകളില്‍ വില 80 മുകളിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിസന്ധി തുടരുകയാണെങ്കില്‍ വില കിലോയ്ക്ക് 100 ലേക്ക് അടുത്തേക്ക് നീങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഒരാഴ്ച മുന്‍പ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലിനെ തുടര്‍ന്ന് വില കുറയുന്നതിന്റെ സൂചനകള്‍ കണ്ടിരുന്നു. മൂന്ന് ദിവസം മുന്‍പ് വിലയില്‍ 10 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. മഹാരാഷ്ട്രയിലെ മൊത്ത വിപണിയില്‍ ഓഗസ്റ്റ് തുടക്കത്തില്‍ കിലോയ്ക്ക് ശരാശരി 13 രൂപയില്‍ നിന്ന് ഇപ്പോള്‍ 55 രൂപയായും ചില്ലറ വില്‍പ്പന വില 20 രൂപയില്‍ നിന്ന് 80 രൂപയായും കഴിഞ്ഞ മൂന്നു മാസത്തിനിടെ നിരക്ക് നാലിരട്ടിയായി ഉയര്‍ന്നു.

അതേസമയം, കഴിഞ്ഞ വര്‍ഷത്തെ ഉല്‍പാദനത്തില്‍ നിന്നുള്ള വരുമാനത്തില്‍ ഇടിവുണ്ടായത്, രാജ്യത്തുടനീളമുള്ള കാലാനുസൃതമല്ലാത്ത മഴ മൂലമുളള വിളനാശം, സര്‍ക്കാരുകളുടെ വില നിയന്ത്രണ സംവിധാനങ്ങള്‍ പരാജയപ്പെടുന്നത് എന്നിവയാണ് ഉള്ളി വില കൂടാനുണ്ടായ കാരണങ്ങളായി വ്യാപാരികള്‍ പറയുന്നത്.

Exit mobile version