പാലാരിവട്ടം പാലം അഴിമതി; ടിഒ സൂരജ് അടക്കുള്ള മൂന്ന് പ്രതികള്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം, തടവില്‍ കഴിഞ്ഞത് 67 ദിവസം

കേസിലെ മറ്റൊരു പ്രതിയായ ബെന്നി പോളിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

കൊച്ചി: പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണ അഴിമതി കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ടിഒ സൂരജ് ഉള്‍പ്പടെയുള്ള മൂന്ന് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ് കൂടാതെ ആര്‍ഡിഎസ് പ്രൊജക്ട്സ് കമ്പനിയുടെ എംഡി സുമിത്ത് ഗോയല്‍, ആര്‍ബിഡിസി മുന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പിഡി തങ്കച്ചന്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. കര്‍ശന ഉപാധികളോടെയാണ് മൂവര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

കേസിലെ മറ്റൊരു പ്രതിയായ ബെന്നി പോളിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. പാലാരിവട്ടം അഴിമതിക്കേസില്‍ ഓഗസ്റ്റ് മുപ്പതിനാണ് ഇവരെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്ത്. 67 ദിവസം ജയിലില്‍ കഴിഞ്ഞതിനുശേഷമാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. ജാമ്യം തേടി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെ പ്രതികള്‍ ആദ്യം സമീപിച്ചിരുന്നെങ്കിലും ജാമ്യാപേക്ഷ തള്ളിയിരുന്നു.

തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെ പാലത്തിന്റെ നിര്‍മ്മാണം നടക്കുന്നതിനിടെ ടിഒ സൂരജ് വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ വിശദമായി കേട്ടശേഷമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അതേസമയം പാലാരിവട്ടം പാലത്തിന്റെ അവസ്ഥ അതീവ ദുര്‍ബലമാണെന്ന് വിദഗ്ദ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

Exit mobile version