മകനെ ഭീഷണിപ്പെടുത്തി മുദ്രാവാക്യം വിളിപ്പിച്ചു; പോലീസിനെതിരെ താഹ ഫസലിന്റെ മാതാവ്

വീട്ടില്‍ നിന്ന് പോലീസിന് തെളിവൊന്നും ലഭിച്ചിട്ടില്ല

കോഴിക്കോട്; തെളിവെടുപ്പിനെത്തിച്ചപ്പോള്‍ മകനെക്കൊണ്ട് പോലീസ് നിര്‍ബന്ധിപ്പിച്ച് മുദ്രാവാക്യം വിളിപ്പിക്കുകയായിരുന്നുവെന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ കുറ്റം ചുമത്തിയ താഹ ഫസലിന്റെ മാതാവ് ജമീല. പോലീസുകാര്‍ ഇത് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തുവെന്ന് ജമീല പറഞ്ഞു.

മുദ്രാവാക്യം വിളിക്കുന്നത് കേട്ട് തങ്ങള്‍ അവന്റെ മുറിയിലേക്ക് ചെന്നു. നീ എന്നെ പറ്റിച്ചല്ലോടാ എന്നു താന്‍ പറഞ്ഞപ്പോള്‍, ഉമ്മാ ഇവര്‍ എന്നെക്കൊണ്ട് വിളിപ്പിക്കുകയാണെന്നു താഹ പറഞ്ഞു. ഉടനെ പോലീസുകാര്‍ ആരോക്കെയോ അവന്റെ വാ പൊത്തുകയും ചെയ്തുവെന്നും ജമീല പറഞ്ഞു. കഞ്ചാവ് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് താഹയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചതെന്നും ജമീല പറഞ്ഞു.

വീട്ടില്‍ നിന്ന് പോലീസിന് തെളിവൊന്നും ലഭിച്ചിട്ടില്ല. വീട്ടില്‍ താഹയ്ക്കായി പ്രത്യേക മുറിയില്ല. എല്ലാവരും ഉപയോഗിക്കുന്ന മുറി തന്നെയാണ് അവനും ഉപയോഗിക്കുന്നത്. മുറിയില്‍ നിന്നും എന്തൊക്കെയോ പോലീസ് എടുത്തിട്ടുണ്ട്. താഹയുടെ പിതാവിനെക്കൊണ്ട് കടലാസില്‍ ഒപ്പിടുവിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും മാതാവ് പറഞ്ഞു.

താഹ ഫസലിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തവേ താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസ് പുറത്ത് വിട്ടിരുന്നു. ‘മാര്‍ക്‌സിസം, സാമ്രാജ്യത്വം, തീവ്രവാദം’ എന്ന പുസ്തകവും മറ്റു ചില പുസ്തകങ്ങളും ലഘുലേഖകളുമൊക്കെയാണ് പോലീസ് താഹയുടെ മുറിയില്‍ നിന്ന് കണ്ടെടുക്കുന്നതായി ദൃശ്യങ്ങളിലുള്ളത്. പോലീസ് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Exit mobile version