‘വാളയാര്‍ സംഭവം ഉണ്ടാകാന്‍ പാടില്ലാത്തത്’; പ്രതികള്‍ എത്രയും പെട്ടെന്ന് ശിക്ഷിക്കപ്പെടണം; അടൂര്‍ ഗോപാലകൃഷ്ണന്‍

ഉത്തരേന്ത്യയിലെ ആള്‍ക്കൂട്ടക്കൊലയും വാളയാര്‍ സംഭവവും താരതമ്യപ്പെടുത്തരുതെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം; വാളയാര്‍ സംഭവം ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. പ്രതികള്‍ എത്രയും പെട്ടെന്ന് ശിക്ഷിക്കപ്പെടണമെന്നും അടൂര്‍ പറഞ്ഞു. ഉത്തരേന്ത്യയിലെ ആള്‍ക്കൂട്ടക്കൊലയും വാളയാര്‍ സംഭവവും താരതമ്യപ്പെടുത്തരുതെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു.

വാളയാര്‍ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചില്ല എന്ന വിമര്‍ശനങ്ങള്‍ക്കും അടൂര്‍ മറുപടി നല്‍കി. എന്തെങ്കിലും സംഭവമുണ്ടാകുമ്പോള്‍ ഉടന്‍ മാധ്യമങ്ങളിലൂടെ പ്രസ്താവന നടത്തുന്നത് തന്റെ രീതിയല്ലെന്നായിരുന്നു അടൂരിന്റെ മറുപടി.

വാളയാര്‍ വിഷയത്തില്‍ കേരളത്തിലെ സാംസ്‌കാരിക നായകര്‍ പ്രതികരിക്കുന്നില്ലെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. അടൂരിനെ വാളയാര്‍ സന്ദര്‍ശിക്കാനും ഗോപാല കൃഷ്ണന്‍ ക്ഷണിച്ചിരുന്നു. വടക്കേ ഇന്ത്യയിലെ പ്രശ്‌നങ്ങളില്‍ പ്രതികരിക്കുകയും കേരളത്തിലെ പ്രശ്‌നങ്ങളില്‍ പ്രതികരിക്കാതിരിക്കുകയും ചെയ്യുകയാണ് കേരളത്തിലെ സാംസ്‌കാരിക നേതാക്കള്‍ എന്നായിരുന്നു ഗോപാല കൃഷ്ണന്റെ ആരോപണം. രാജ്യത്തെ ആള്‍ക്കൂട്ട ആക്രമണത്തില്‍ പ്രതിഷേധം അറിയിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയ സംഭവുമായി ബന്ധപ്പെടുത്തിയാണ് അടൂരിനെ ഗോപാലകൃഷ്ണന്‍ വാളയാറിലേക്ക് ക്ഷണിച്ചത്.

Exit mobile version