കേന്ദ്രമാണെങ്കിലും സംസ്ഥാനമാണെങ്കിലും ഭരണകൂടം വ്യക്തികള്‍ക്കെതിരെ മാറരുത്; യുഎപിഎ ചുമത്തിയത് തെറ്റാണെങ്കില്‍ തിരുത്തണം; അടൂര്‍ ഗോപാലകൃഷ്ണന്‍

ഏത് തരത്തിലുളള പുസ്തകം വായിക്കാനും എഴുതാനും ജനങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും അടൂര്‍ പറഞ്ഞു

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സാഹചര്യം തെറ്റാണെങ്കില്‍ തിരുത്തണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

കേന്ദ്രമാണെങ്കിലും സംസ്ഥാനമാണെങ്കിലും ഭരണകൂടം വ്യക്തികള്‍ക്കെതിരെ മാറരുത്. വിധ്വംസക പ്രവര്‍ത്തനമെന്ന് ഉറപ്പാക്കാതെ പോലീസ് യുഎപിഎ പോലുളള കേസുകള്‍ എടുക്കരുതെന്നും അടൂര്‍ ആവശ്യപ്പെട്ടു. ഏത് തരത്തിലുളള പുസ്തകം വായിക്കാനും എഴുതാനും ജനങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും അടൂര്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഎപിഎ ചുമത്തിയ പോലീസ് നടപടിയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഭരണ പക്ഷത്ത് നിന്നും പ്രതിപക്ഷത്തു നിന്നും ഉയരുന്നത്. യുഎപിഎ അറസ്റ്റ് പോലീസിന് തെറ്റുപറ്റിയതാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ നേരത്തെ പറഞ്ഞിരുന്നു. പോലീസ് ക്രിമിനലുകളുടെയും, ബ്യൂറോക്രാറ്റുകളുടെയും, മേല്‍ ഈ സര്‍ക്കാരിന് നിയന്ത്രണമില്ലെന്ന് സംവിധായകന്‍ ആഷിഖ് അബുവും വിമര്‍ശിച്ചിരുന്നു.

Exit mobile version