വിപണിയില്‍ പുതിയ 50-50 ബിസ്‌ക്കറ്റ് ഇറങ്ങിയിട്ടുണ്ടോ?; മഹാരാഷ്ട്രയിലെ ബിജെപി- ശിവസേന തര്‍ക്കത്തെ പരിഹസിച്ച് ഒവൈസി

ഹൈദരാബാദ്: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രതിസന്ധി തുടരുന്നതിനിടെ ബിജെപിയെയും ശിവസേനയെയും പരിഹസിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി രംഗത്ത്. വിപണിയില്‍ പുതിയ 50-50 ബിസ്‌ക്കറ്റ് ഇറങ്ങിയിട്ടുണ്ടോ എന്ന ചോദ്യത്തിലൂടയായിരുന്നു ഒവൈസിയുടെ പരിഹാസം.

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി പദം പങ്കുവെയ്ക്കാനുള്ള 50-50 ഫോര്‍മുലയെ പരിസഹസിച്ചുകൊണ്ടായിരുന്നു ഒവൈസി രംഗത്തെത്തിയത്. ”എന്താണ് 50-50? വിപണിയില്‍ പുതിയ ബിസ്‌കറ്റ് ഉണ്ടോ? നിങ്ങള്‍ എത്ര 50-50 നടത്തും. മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്കായി നിങ്ങളെന്തെങ്കിലും ചെയ്യുമോ? സത്താറയില്‍ മഴയിലുണ്ടായ നാശനഷ്ടത്തെ കുറിച്ച് അവര്‍ക്ക് ധാരണയില്ല. എന്ത് തരത്തിലുള്ള വികസനമാണിത്” – ഒവൈസി ചോദിച്ചു.

സംസ്ഥാനത്ത് ഫഡ്‌നവിസോ മറ്റാരെങ്കിലുമോ മുഖ്യമന്ത്രിയാവുമോ എന്ന് തനിക്കറിയില്ല. കസേരകളി മുന്നോട്ട് പോകുകയാണ്. എന്ത് ചെയ്യണമെന്ന് ശിവസേനയ്ക്ക് അറിയില്ലെന്നാണ് തോന്നുന്നതെന്നും ഉദ്ധവ് താക്കറെയ്ക്ക് പ്രധാനമന്ത്രി മോഡിയെ പേടിയാണെന്ന് തോന്നുന്നുവെന്നും ഒവൈസി പറഞ്ഞു.

മുഖ്യമന്ത്രി പദം വീതം വെയ്ക്കണമെന്ന ശിവസേനയുടെ കടത്ത നിലപാടിനെ ബിജെപി തള്ളിയതോടെയാണ് മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയിലായത്. തന്റെ പാര്‍ട്ടി ബിജെപിയെയോ ശിവസേനയെയോ പിന്തുണയ്ക്കാന്‍ തയ്യാറാവില്ലെന്നും ഒവൈസി വ്യക്തമാക്കിയിട്ടുണ്ട്.

Exit mobile version