ബിനീഷ് ബാസ്റ്റിന്‍ ‘അമ്മ’യില്‍ അംഗമല്ല; വിഷയത്തില്‍ നിലപാട് വ്യക്തമാക്കി താരസംഘടന

വിഷയത്തെക്കുറിച്ച് തനിക്ക് കാര്യമായി അറിയില്ലെന്നും ബിനീഷ് ബാസ്റ്റിന്‍ 'അമ്മ'യില്‍ അംഗമല്ലെന്നും ഇടവേള ബാബു വ്യക്തമാക്കി.

കൊച്ചി: പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് യൂണിയന്‍ പരിപാടിക്കിടെ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ അപമാനിച്ചെന്ന വിഷയത്തില്‍ പ്രതികരണത്തിനില്ലെന്ന് ‘അമ്മ’ സെക്രട്ടറി ഇടവേള ബാബു. വിഷയത്തെക്കുറിച്ച് തനിക്ക് കാര്യമായി അറിയില്ലെന്നും ബിനീഷ് ബാസ്റ്റിന്‍ ‘അമ്മ’യില്‍ അംഗമല്ലെന്നും ഇടവേള ബാബു വ്യക്തമാക്കി.

മൂന്ന് സിനിമകളിലെങ്കിലും അഭിനയിച്ചിരിക്കണമെന്നാണ് ‘അമ്മ’യില്‍ അംഗത്വത്തിന് അപേക്ഷിക്കാന്‍ അഭിനേതാക്കള്‍ക്കുള്ള മാനദണ്ഡം. ഒരുലക്ഷം രൂപയാണ് മെമ്പര്‍ഷിപ്പ് ഫീസ്. ‘ഒരു അഭിനേതാവ് സിനിമയില്‍ സജീവമായതിന് ശേഷം അപേക്ഷിക്കുമ്പോഴേ അംഗത്വം നല്‍കാറുള്ളൂ.

അംഗത്വ ഫീസായ ഒരു ലക്ഷം രൂപ കടം വാങ്ങി അപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടാവരുതെന്നും അത് സിനിമയിലെ വരുമാനത്തില്‍ നിന്നുതന്നെ ആവണമെന്നുമാണ് ഞങ്ങളുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. അഭിനേതാക്കളെയൊന്നും അംഗത്വത്തിനായി അങ്ങോട്ടുപോയി ക്ഷണിക്കാറില്ലെന്നും ഇടവേള ബാബു പറഞ്ഞു.

പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ യൂണിയന്‍ പരിപാടിയില്‍ വിശിഷ്ടാതിഥിയായി ക്ഷണിച്ച തന്നെ വൈകി എത്തിയാല്‍ മതിയെന്ന് പറഞ്ഞ് അപമാനിക്കുകയായിരുന്നുവെന്നാണ് ബിനീഷ് ബാസ്റ്റിന്റെ ആരോപണം. അതേ ചടങ്ങില്‍ മാഗസിന്‍ പ്രകാശനം നിര്‍വ്വഹിക്കാനെത്തിയ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ തന്നോടൊപ്പം വേദി പങ്കിടാന്‍ ആവില്ലെന്ന് അറിയിച്ചതനുസരിച്ചാണ് ഭാരവാഹികള്‍ തന്നോട് ഇക്കാര്യം പറഞ്ഞതെന്നും വേദിയിലെത്തി ബിനീഷ് വീഡിയോയിലൂടെ വിശദീകരിച്ചു.

Exit mobile version