മഹ ചുഴലിക്കാറ്റ് കരുത്താര്‍ജ്ജിച്ച് ഒമാന്‍ തീരത്തേക്ക് ; കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട മഹ ചുഴലിക്കാറ്റ് കരുത്താര്‍ജ്ജിച്ച് ഒമാന്‍ തീരത്തേക്ക് നീങ്ങുകയാണ്. സംസ്ഥാനത്തും, ലക്ഷദ്വീപിലും ഇന്നും കനത്ത മഴയും കാറ്റും തുടരും. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിള്‍ കടല്‍ക്ഷോഭം രൂക്ഷമായേക്കും.

ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. മഹ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ലക്ഷദ്വീപിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ലക്ഷദ്വീപില്‍ മണിക്കൂറില്‍ 80 കിമീ വരെ വേഗതയിലും, കേരളത്തില്‍ 65 കിമീ വരെ വേഗതയിലും കാറ്റ് വീശും.

തീരപ്രദേശങ്ങളിലും മലയോര മേഖലകളിലുമുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം. മത്സത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശം നല്‍കി. അതേസമയം കേരളം, കന്യാകുമാരി, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനുള്ള നിരോധനം നിലനില്‍ക്കുകയാണ്.

Exit mobile version