തലസ്ഥാനത്തെ സ്‌കൂളുകളില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു; അന്വേഷണം ശക്തമാക്കി എക്‌സൈസ്

തിരുവനന്തപുരം; തലസ്ഥാനത്തെ സ്‌കൂളുകളില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നതായി റിപ്പോര്‍ട്ട്. എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ ഒരു സ്‌കൂളില്‍ നിന്നും 15 ഓളം വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ഇവര്‍ കഞ്ചാവ് ഉപയോഗിച്ചതായും കൈമാറ്റം ചെയ്തതായും എക്‌സൈസ് സംഘം കണ്ടെത്തി. കഞ്ചാവ് ഉപയോഗിക്കുകയായിരുന്ന രണ്ട് വിദ്യാര്‍ത്ഥികളെ രാവിലെ ഉദ്യോഗസ്ഥര്‍ പിടികൂടിയതോടെയാണ് മറ്റ് കുട്ടികളും ഉപയോഗിക്കുന്ന വിവരം പുറത്തറിഞ്ഞത്.

സ്‌കൂള്‍ പരിസരത്ത് നിന്നും രാവിലെ ഒന്‍പത് മണിയോടെയാണ് കഞ്ചാവ് ഉപയോഗിക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ തിരുവനന്തപുരം എക്‌സൈസ് സര്‍ക്കിളിന് കീഴിലുള്ള ഉദ്യോഗസ്ഥര്‍ പിടികൂടിയത്. തുടര്‍ന്ന് സ്‌കൂളില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് ഉപയോഗിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്ത 13ഓളം വിദ്യാര്‍ത്ഥികളെ കണ്ടെത്തി. പല വിദ്യാര്‍ത്ഥികളുടെയും ശരീരത്തില്‍ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്.

മയക്ക് മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ രക്ത സമ്മര്‍ദ്ദം കുറയ്ക്കാന്‍ മനപ്പൂര്‍വം ബ്‌ളേഡുകള്‍ കെണ്ട് മുറിവുകള്‍ ഉണ്ടാക്കുന്നതാണെന്നാണ് വിവരം. ഇവരെ പിന്നീട് കൗണ്‍സിലിംഗിന് വിധേയരാക്കി. രണ്ട് വിദ്യാര്‍ത്ഥികളെ ഡി അഡിക്ഷനും നിര്‍ദ്ദേശം നല്‍കി.

വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളെ വിളിച്ച് വരുത്തിയ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയ ശേഷമാണ് ഇവരെ വീട്ടിലേക്ക് അയച്ചത്. എന്നാല്‍ കുട്ടികള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്നത് ആരാണെന്ന് കണ്ടെത്തെനായിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

Exit mobile version