സൗമിനി ജെയിന് എതിരായുള്ള ഫേസ്ബുക്ക് പോസ്റ്റ് മുക്കി ഹൈബി ഈഡന്‍ എംപി

നേരത്തെ കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് ഹൈബി ഈഡന്‍ എംപി മേയര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.

കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിനെ പരോക്ഷമായി വിമര്‍ശിച്ച് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് ഹൈബി ഈഡന്‍ എംപി. കോണ്‍ഗ്രസ് സംസ്‌കാരം പഠിക്കാന്‍ മുന്‍ എസ്എഫ്‌ഐക്കാരിക്ക് ഒമ്പത് വര്‍ഷം മതിയാകില്ല എന്നായിരുന്നു സൗമിനി ജെയിന്‍ എതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ്. ഇത് വിവാദമായതോടെയാണ് കുറിപ്പ് ഹൈബി ഈഡന്‍ പിന്‍വലിച്ചിരിക്കുന്നത്.

‘ഇത് കോണ്‍ഗ്രസാണ് സഹോദരി… തേവര കോളജിലെ പഴയ എസ്എഫ്‌ഐക്കാരിക്ക് 9 വര്‍ഷം മതിയാവില്ല ഇന്ത്യന്‍ നാഷണന്‍ കോണ്‍ഗ്രസിന്റെ സംസ്‌കാരവും ചരിത്രവും പഠിക്കാന്‍. ഫാസിസം എസ്എഫ്‌ഐയിലേ നടക്കൂ, ഇത് കോണ്‍ഗ്രസാണ്’ എന്നായിരുന്നു ഹൈബിയുടെ പോസ്റ്റ്.

നേരത്തെ കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് ഹൈബി ഈഡന്‍ മേയര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. പൊതുജനത്തിന്റെ വികാരം മനസ്സിലാക്കുന്നതില്‍ നഗരസഭ സമ്പൂര്‍ണ പരാജയമാണ്. കൊച്ചി മേയര്‍ സൗമിനി ജെയ്ന്‍ പരാജയമാണ്. മേയര്‍ തല്‍സ്ഥാനത്ത് തുടരണോയെന്ന് പാര്‍ട്ടി തീരുമാനിക്കണമെന്നും ഹൈബി ആവശ്യപ്പെട്ടിരുന്നു.

എറണാകുളം നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിജെ വിനോദിന് ഭൂരിപക്ഷം കുറയാന്‍ കാരണം നഗരസഭയ്‌ക്കെതിരായ ജനരോഷം പ്രതിഫലിച്ചതുകൊണ്ടാണെന്നും ഹൈബി ആരോപിച്ചിരുന്നു.

Exit mobile version