അല്‍ഷിഫ ഹോസ്പിറ്റല്‍ ഉടമ ഷാജഹാന്‍ യൂസഫ് വ്യാജന്‍; രജിസ്ട്രേഷന്‍ റദ്ദാക്കി, അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: ഇടപ്പള്ളി അല്‍ഷിഫ ഹോസ്പിറ്റല്‍ ഉടമ ഷാജഹാന്‍ യൂസഫ് വ്യാജ ഡോക്ടറെന്ന് തെളിഞ്ഞു. ഷാജഹാന്‍ യൂസഫ് രജിസ്ട്രേഷനായി ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലാണ് കണ്ടെത്തിയത്. ഷാജഹാന്റെ സ്ഥാപനത്തിന്റെ ലൈസന്‍സ് രജിസ്ട്രേഷന്‍ റദ്ദാക്കാനും ഇന്ത്യന്‍ മെഡിക്കല്‍ രജിസ്ട്രിയില്‍ നിന്ന് ഷാജഹാനെ നീക്കാനും തീരുമാനമായിട്ടുണ്ട്. ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തിന് കൗണ്‍സില്‍ ഉത്തരവിട്ടു.

ഒരു വനിതാ ഡോക്ടറിന്റെ ലൈസന്‍സ് ഉപയോഗിച്ചാണ് ഇയാള്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്ട്രേഷന്‍ ചെയ്തിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ആഭ്യന്തര വിജിലന്‍സിനോട് കേസെടുക്കാന്‍ കൗണ്‍സില്‍ നിര്‍ദേശം നല്‍കി. ഷാജഹാന്‍ യൂസഫിന്റെ മെഡിക്കല്‍ രജിസ്ട്രേഷന്‍ റദ്ദാക്കുകയും ചെയ്തു.

ഷാജഹാന്‍ നടത്തി വന്ന അര്‍ശസ് ചികിത്സയിലും ശസ്ത്രക്രിയയിലും സംഭവിച്ച പിഴവുകളെ തുടര്‍ന്ന് മുമ്പും നിരവധി പരാതികള്‍ ലഭിച്ചിരുന്നു. എന്നാല്‍ പോലീസ് കണ്ണടക്കുകയായിരുന്നുവെന്നാണ് ആരോപണം.

ഷാജഹാന്റെ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളില്‍ പൊരുത്തക്കേടുകളുണ്ടെന്ന് ഐഎംഎ നടത്തിയ അന്വേഷണത്തില്‍ നേരത്തേ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ട്രാവന്‍കൂര്‍ കൊച്ചി മെഡിക്കല്‍ കൗണ്‍സിലിനും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും പരാതി നല്‍കിയത്.

Exit mobile version