ആ കുട്ടികള്‍ക്ക് നീതി കിട്ടണമെന്നു തന്നെയാണ് സര്‍ക്കാരിന്റെയും നിര്‍ബന്ധം, എന്നും ഇരയുടെ പക്ഷത്ത്; നിയമസഭയിലെ മുഖ്യമന്ത്രിയുടെ മറുപടി പങ്കുവെച്ച് എകെ ബാലന്‍

വാളയാര്‍ പീഡനകേസില്‍ പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ അപ്പീല്‍ പോകുന്നതിനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കുമെന്നും മന്ത്രി പ്രതികരിച്ചിരുന്നു.

തിരുവനന്തപുരം: വാളയാര്‍ കേസില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ക്കും മറ്റും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നല്‍കിയ മറുപടി പങ്കുവെച്ച് മന്ത്രി എകെ ബാലന്‍. കഴിഞ്ഞ ദിവസങ്ങളിലായി മന്ത്രി ബാലന്‍ സംഭവത്തില്‍ പ്രതികരണം അറിയിച്ചിരുന്നു. വാളയാര്‍ പീഡനകേസില്‍ പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ അപ്പീല്‍ പോകുന്നതിനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കുമെന്നും മന്ത്രി പ്രതികരിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞ മറുപടി പങ്കുവെച്ചിരിക്കുന്നത്. വാളയാര്‍ കേസില്‍ പ്രോസിക്യൂഷന്റെ പരാജയമാണോ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട പോലീസിന്റെ വീഴ്ചയാണോ എന്ന് പരിശോധിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പടെയാണ് മന്ത്രി എകെ ബാലന്‍ പങ്കുവെച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

വാളയാര്‍ കേസില്‍ പ്രോസിക്യൂഷന്റെ പരാജയമാണോ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട പോലീസിന്റെ വീഴ്ചയാണോ എന്ന് പരിശോധിക്കും. രണ്ടു കുട്ടികളുടെയും ദാരുണമായ അന്ത്യം ആരുടെയും മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. മരണാനന്തരം ആണെങ്കിലും ആ കുട്ടികള്‍ക്ക് നീതി കിട്ടണമെന്നു തന്നെയാണ് സര്‍ക്കാറിന് നിര്‍ബന്ധമുള്ളത്. ഇരയാകുന്നവരുടെ പക്ഷത്താണ് എന്നും ഈ സര്‍ക്കാര്‍. അതില്‍ രാഷ്ട്രീയമില്ല. ഭരണ-പ്രതിപക്ഷ പരിഗണനയും ഇല്ല. മനുഷ്യത്വം മാത്രമാണ് പരിഗണനാര്‍ഹമായ വിഷയം. അത് മുന്‍നിര്‍ത്തി ഇക്കാര്യത്തില്‍ ഉചിതമായ നടപടി ഉണ്ടാകും. പുനരന്വേഷണമാണോ സിബിഐ അന്വേഷണമാണോ എന്താണെന്നൊക്കെ ഉള്ളത് ഗൗരവമായി പരിശോധിച്ച് നടപടികള്‍ എടുക്കും.

Exit mobile version