പുതിയ സ്ഥാനലബ്ധിയില്‍ ശ്രീധരന്‍ പിള്ളയ്ക്ക് അഭിനന്ദനം; കുറിപ്പുമായി മന്ത്രി എകെ ബാലന്‍

പോലീസിന്റെ പിടിയില്‍ നിന്ന് സമര്‍ത്ഥമായി രക്ഷപ്പെട്ടായിരുന്നു അന്നത്തെ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം.

തിരുവനന്തപുരം: മിസോറാം ഗവര്‍ണറായി നിയമിക്കപ്പെട്ട പിഎസ് ശ്രീധരന്‍പിള്ളയ്ക്ക് ആശംസകള്‍ നേര്‍ന്ന് മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്. പുതിയ സ്ഥാനലബ്ധിയില്‍ ശ്രീധരന്‍ പിള്ളക്ക് അഭിനന്ദനമെന്നാണ് മന്ത്രി കുറിച്ചത്. പുതിയ പദവി ചോദിച്ചു വാങ്ങിയതല്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും അടിയന്തിരാവസ്ഥക്കാലത്ത് താനും ശ്രീധരന്‍പിള്ളയും കോഴിക്കോട് ലോ കോളേജില്‍ ഒന്നിച്ച് പഠിച്ചിട്ടുണ്ടെന്നും മന്ത്രി കുറിച്ചു

പോലീസിന്റെ പിടിയില്‍ നിന്ന് സമര്‍ത്ഥമായി രക്ഷപ്പെട്ടായിരുന്നു അന്നത്തെ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം. എസ്എഫ്‌ഐയും എബിവിപിയും സ്വന്തം നിലയില്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം നടത്തി. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നയങ്ങളെയും വിദ്യാര്‍ത്ഥി വിരുദ്ധ നടപടികളെയും എതിര്‍ക്കാന്‍ ചില ഘട്ടത്തില്‍ യോജിച്ചും പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് ലോ കോളേജില്‍ മാത്രം നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ്‌യു ആദ്യമായി തോറ്റു. എല്ലാവരും ചേര്‍ന്ന സ്വതന്ത്ര സംഘടനയാണ് കെഎസ്‌യുവിനെ തോല്‍പ്പിച്ചത്. കെഎസ്‌യു വിരുദ്ധ സംഘത്തിന്റെ ഈ വിജയമാണ് ഒറ്റ കോളേജിലും യൂണിയന്‍ തെരഞ്ഞെടുപ്പ് വേണ്ടെന്ന് തീരുമാനിക്കാന്‍ സര്‍ക്കാരിനെ നിര്‍ബ്ബന്ധിതമാക്കിയത്. 1975-76 കാലത്തെ ദുഷ്‌കരമായ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം ഇന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

‘ശ്രീധരന്‍പിള്ള അംഗമായിരുന്ന വിദ്യാര്‍ത്ഥി സംഘടനയെ സജീവമാക്കിയതില്‍ അദ്ദേഹത്തിന്റെ പ്രത്യേക കഴിവുണ്ട്. സൗമ്യമായ പെരുമാറ്റം വിദ്യാര്‍ത്ഥി സംഘടനാ കാലം മുതല്‍ പൊതുരംഗത്തു വരെ ഏറെക്കുറെ കാത്തു സൂക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇടയ്‌ക്കൊക്കെ കൃത്രിമ കത്തിവേഷം പ്രകടിപ്പിക്കുമ്പോഴും അതൊന്നും സ്വാഭാവിക ശൈലിയായി തോന്നിയിട്ടില്ല’ എകെ ബാലന്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

പുതിയ സ്ഥാനലബ്ധിയില്‍ ശ്രീധരന്‍ പിള്ളക്ക് അഭിനന്ദനം

മിസോറം ഗവര്‍ണറായി നിയമിക്കപ്പെട്ട ശ്രീ. പി. എസ്. ശ്രീധരന്‍പിള്ളയ്ക്ക് ആശംസകള്‍. പുതിയ പദവി ചോദിച്ചു വാങ്ങിയതല്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അടിയന്തിരാവസ്ഥക്കാലത്ത് ഞാനും ശ്രീധരന്‍പിള്ളയും കോഴിക്കോട് ലോ കോളേജില്‍ ഒന്നിച്ച് പഠിച്ചിട്ടുണ്ട്. പൊലീസിന്റെ പിടിയില്‍ നിന്ന് സമര്‍ഥമായി രക്ഷപ്പെട്ടായിരുന്നു അന്നത്തെ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം. എസ്.എഫ്.ഐയും എ.ബി.വി.പിയും സ്വന്തം നിലയില്‍ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം നടത്തി. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നയങ്ങളെയും വിദ്യാര്‍ഥി വിരുദ്ധ നടപടികളെയും എതിര്‍ക്കാന്‍ ചില ഘട്ടത്തില്‍ യോജിച്ചും പ്രവര്‍ത്തിച്ചു.

അക്കാലത്ത് കോഴിക്കോട് ലോ കോളേജില്‍ മാത്രം നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെ എസ് യു ആദ്യമായി തോറ്റു. എല്ലാവരും ചേര്‍ന്ന സ്വതന്ത്ര സംഘടനയാണ് കെ.എസ്.യുവിനെ തോല്‍പ്പിച്ചത്. കെ.എസ്.യു വിരുദ്ധ സംഘത്തിന്റെ ഈ വിജയമാണ് ഒറ്റ കോളേജിലും യൂണിയന്‍ തെരഞ്ഞെടുപ്പ് വേണ്ടെന്ന് തീരുമാനിക്കാന്‍ സര്‍ക്കാരിനെ നിര്‍ബ്ബന്ധിതമാക്കിയത്. 1975-76 കാലത്തെ ദുഷ്‌കരമായ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം ഇന്നും ഓര്‍മയില്‍ നില്‍ക്കുന്നു.

ശ്രീധരന്‍പിള്ള അംഗമായിരുന്ന വിദ്യാര്‍ഥി സംഘടനയെ സജീവമാക്കിയതില്‍ അദ്ദേഹത്തിന്റെ പ്രത്യേക കഴിവുണ്ട്. സൗമ്യമായ പെരുമാറ്റം വിദ്യാര്‍ഥി സംഘടനാ കാലം മുതല്‍ പൊതുരംഗത്തു വരെ ഏറെക്കുറെ കാത്തു സൂക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇടയ്‌ക്കൊക്കെ കൃത്രിമ കത്തിവേഷം പ്രകടിപ്പിക്കുമ്പോഴും അതൊന്നും സ്വാഭാവിക ശൈലിയായി തോന്നിയിട്ടില്ല. പുതിയ സ്ഥാനലബ്ധിയില്‍ അദ്ദേഹത്തിന് ആശംസകള്‍

Exit mobile version