മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ല; ഉത്തരവില്‍ ഭേദഗതി വേണമെന്ന് ആവശ്യപ്പെട്ട് കോടതിയുടെ സമയം പാഴാക്കരുത്; നിര്‍മ്മാതാക്കളെ ശാസിച്ച് സുപ്രീംകോടതി

ഉത്തരവില്‍ ഭേദഗതി വേണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം തള്ളിയ കോടതി ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി നിര്‍മ്മാതാക്കള്‍ ഇരുപതു കോടി രൂപ കെട്ടിവയ്ക്കണമെന്നും ഉത്തരവിട്ടു

ന്യൂഡല്‍ഹി: മരടിലെ ഫ്‌ളാറ്റുടമകള്‍ക്ക് ഇരുപത്തിയഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. തീരദേശ പരിപാലന നിയമം ലംഘിച്ചു മരടില്‍ പണിത ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാനുള്ള തീരുമാനത്തില്‍നിന്നും പിന്നോട്ടില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.

ഉത്തരവില്‍ ഭേദഗതി വേണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം തള്ളിയ കോടതി ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി നിര്‍മ്മാതാക്കള്‍ ഇരുപതു കോടി രൂപ കെട്ടിവയ്ക്കണമെന്നും ഉത്തരവിട്ടു. കോടതിയുടെ ഉത്തരവുകള്‍ ഉത്തരവുകള്‍ തന്നെയാണ്. അതു നടപ്പാക്കാനുള്ളതാണ്. അതില്‍ ഭേദഗതി ആവശ്യപ്പെട്ട് കോടതിയുടെ സമയം പാഴാക്കരുതെന്നും കോടതിയില്‍ നേരിട്ടു ഹാജരായി സ്വന്തം ഭാഗം പറയാന്‍ ശ്രമിച്ച നിര്‍മ്മാതാക്കളെ ശാസിച്ച് കോടതി മുന്നറിയിപ്പു നല്‍കി.

നിര്‍മ്മാതാക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി നഷ്ടപരിഹാരം നല്‍കുന്നതിനായി താല്ക്കാലികമായി പിന്‍വലിക്കുകയാണെന്നും കോടതി പറഞ്ഞു. പ്രകൃതി ദുരന്തങ്ങളില്‍ നൂറു കണക്കിനു പേരാണ് ഈ വര്‍ഷം മരിച്ചത്. ഈ സാഹചര്യത്തില്‍ നിയമം ലംഘിച്ചു നിര്‍മിച്ച ഒരു നിര്‍മ്മിതി പൊളിക്കാനുള്ള ഉത്തരവില്‍ ഒരു മാറ്റവും വരുത്താനാവില്ലെന്നും കോടതി ആവര്‍ത്തിച്ചു.

Exit mobile version