‘ എല്‍ഡിഎഫ് മുന്നോട്ടുവച്ച വികസന മുദ്രാവാക്യം ജനങ്ങള്‍ ഏറ്റെടുത്തു, ഇത് വോട്ടിംഗിലൂടെ പ്രതിഫലിച്ചു’ ; വികെ പ്രശാന്ത്

വട്ടിയൂര്‍ക്കാവില്‍ 2016ല്‍ മൂന്നാം സ്ഥാനത്തേക്ക് പോയ എല്‍ഡിഎഫ് ഇത്തവണ വികെ പ്രശാന്തിലൂടെ ഒരു അട്ടിമറി വിജയമാണ് പ്രതീക്ഷിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് കോട്ടകളില്‍ വന്‍ നേട്ടം കൊയ്ത് എല്‍ഡിഎഫ്. വട്ടിയൂര്‍ക്കാവില്‍ 2016ല്‍ മൂന്നാം സ്ഥാനത്തേക്ക് പോയ എല്‍ഡിഎഫ് ഇത്തവണ വികെ പ്രശാന്തിലൂടെ ഒരു അട്ടിമറി വിജയമാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, വട്ടിയൂര്‍ക്കാവിലേത് ജാതി-മത സമവാക്യങ്ങളെ പൊളിച്ചെഴുതുന്ന തിരഞ്ഞെടുപ്പ് ഫലമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വികെ പ്രശാന്ത്പറഞ്ഞു. മതവും ജാതിയുമല്ല, രാഷ്ട്രീയവും വികസനവുമാണ് വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് ചര്‍ച്ച ചെയ്തത്. അത് ജനങ്ങള്‍ സ്വീകരിച്ചു, വിധിയെഴുതി. തിരഞ്ഞെടുപ്പ് ഫലം അതിമധുരമാണെന്നും വികെ പ്രശാന്ത് പ്രതികരിച്ചു.

എല്‍ഡിഎഫ് മുന്നോട്ടുവച്ച വികസന മുദ്രാവാക്യം ജനങ്ങള്‍ ഏറ്റെടുത്തുവെന്നും, ഇത് വോട്ടിംഗിലൂടെ പ്രതിഫലിച്ചെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയുടെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ വലിയ പരിശ്രമം നടത്തിയിരുന്നു. ഇത് ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. വിവാദങ്ങളല്ല വികസനമാണ് വേണ്ടതെന്ന് വട്ടിയൂര്‍ക്കാവിലെ ജനങ്ങളും അംഗീകരിച്ചു.

ബിജെപിയുടെയും കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് ഒപ്പം നിന്ന് വോട്ട് അഭ്യര്‍ത്ഥിക്കുകയാണ് ചെയ്തത്. പരമാവധി വീടുകളിലേക്ക് പോയി. അവിടെയെല്ലാം സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളും നഗരസഭ നടത്തിയ പ്രവര്‍ത്തനങ്ങളും ജനങ്ങളോട് വിശദീകരിച്ചു. മറുഭാഗം വിവാദങ്ങള്‍ പറയാനാണ് ശ്രമിച്ചതെന്നും വി കെ പ്രശാന്ത് പറഞ്ഞു.

Exit mobile version