ശബരിമലയില്‍ ഇന്ന് പകലും തീര്‍ത്ഥാടകര്‍ക്ക് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി; നിയന്ത്രണം 12 മുതല്‍ 2 മണി വരെ

സുരക്ഷാക്രമീകരണങ്ങളുടെ അടിസ്ഥാനത്തിലാണ് പകലും നിയന്ത്രണമെര്‍പ്പെടുത്തിയത് എന്നാണ് സൂചന.

പമ്പ: ശബരിമലയില്‍ പോലീസ് പകലും നിയന്ത്രണം ഏര്‍പ്പെടുത്തി. ഉച്ചയ്ക്ക് 12 മണി മുതല്‍ 2 മണി വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 12 മണിയ്ക്ക് ഉച്ചപൂജ കഴിഞ്ഞ് നടയടച്ചു കഴിഞ്ഞാല്‍ പിന്നെ രണ്ട് മണി വരെ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം.

സുരക്ഷാക്രമീകരണങ്ങളുടെ അടിസ്ഥാനത്തിലാണ് പകലും നിയന്ത്രണമെര്‍പ്പെടുത്തിയത് എന്നാണ് സൂചന. ഇന്ന് വൈകിട്ടോടെ കൂടുതല്‍ രാഷ്ട്രീയനേതാക്കളടക്കം സന്നിധാനത്തെത്താന്‍ സാധ്യതയുള്ളതിനാലാകാം നിയന്ത്രണങ്ങളെന്നാണ് കരുതുന്നത്.

ഇതിന്റെ ഭാഗമായി നിലയ്ക്കല്‍ നിന്ന് പമ്പയിലേക്കുള്ള ബസ്സുകളില്‍ ആളുകള്‍ നിറയുന്നതിനനുസരിച്ച് പുറപ്പെട്ടാല്‍ മതിയെന്നാണ് പോലീസ് കെഎസ്ആര്‍ടിസിക്ക് നിര്‍ദേശം നല്‍കി. നിരവധി കെഎസ്ആര്‍ടിസി ബസ്സുകള്‍ ഇപ്പോള്‍ നിലയ്ക്കല്‍ പിടിച്ചിട്ടിരിക്കുകയാണ്.

എന്നാല്‍ ഇന്ന് പൊതുവേ സന്നിധാനത്ത് ഭക്തജനത്തിരക്ക് കുറവായിരുന്നു. മണ്ഡലകാലത്ത് നട തുറന്ന് ആദ്യ ഞായറാഴ്ചയായിട്ടും സന്നിധാനത്ത് തിരക്ക് തീരെ കുറവാണ്. പതിനെട്ടാം പടിയില്‍ ക്യൂ നില്‍ക്കാതെ കയറാവുന്ന നിലയാണ്. കേരളത്തിനു പുറത്തു നിന്നുള്ള അയ്യപ്പന്മാരാണ് ഇന്ന് ശബരിമലയില്‍ കൂടുതലായും എത്തിയത്.

Exit mobile version