ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ നല്‍കിയ പരാതി അതീവ ഗൗരവമുളളത്; ശക്തമായ നടപടിയെന്ന് വനിതാ കമ്മീഷന്‍

ബുധനാഴ്ച രാവിലെയാണ് പരാതി വനിതാ കമ്മീഷന്‍ ഓഫീസില്‍ ലഭ്യമായത്.

ന്യൂഡല്‍ഹി: ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ കേരള വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി അതീവ ഗൗരവമുളളതാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. പരാതിയില്‍ കമ്മീഷന്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുമെന്നും എംസി ജോസഫൈന്‍ പറഞ്ഞു.

സ്ത്രീകളെ സമൂഹ മാധ്യമത്തിലൂടെയോ യൂട്യൂബ് ചാനലിലൂടെയോ അപമാനിക്കാന്‍ പാടില്ല. വിഷയത്തില്‍ ഡിജിപിയോടും സൈബര്‍ പോലീസിനോടും പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി.

ബുധനാഴ്ച രാവിലെയാണ് പരാതി വനിതാ കമ്മീഷന്‍ ഓഫീസില്‍ ലഭ്യമായത്. പരാതി രജിസ്റ്റര്‍ ചെയ്ത് കേസെടുത്തു. ഇതേ വിഷയത്തില്‍ നേരത്തെ കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ കോട്ടയം എസ്പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നാണ് അന്ന് ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നതെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ കൂട്ടിച്ചേര്‍ത്തു.

കൂടാതെ കേസുകള്‍ നിലനില്‍ക്കെ കന്യാസ്ത്രീകള്‍ക്കെതിരെ ചിലര്‍ പ്രവര്‍ത്തിക്കുന്നത് അനുവദിക്കാനാവില്ല. അതിനാല്‍ സംഭവത്തില്‍ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും എംസി ജോസഫൈന്‍ ആവശ്യപ്പെട്ടു.

Exit mobile version