മഞ്ജു വാര്യരുടെ പരാതി ലഭിച്ചു, നിയമനടപടി സ്വീകരിക്കും; പ്രാഥമിക പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയെന്ന് ഡിജിപി

പരാതി പഠിച്ച് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം: നടി മഞ്ജു വാര്യര്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ നല്‍കിയ പരാതിയില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പരാതിയില്‍ പ്രാഥമിക പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. ഡിജിപിയുടെ കീഴിലുള്ള സ്പെഷ്യല്‍സെല്‍ ആണ് പരാതി ആദ്യം പരിശോധിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പരാതി കിട്ടിയിട്ടുണ്ട്. പരിശോധിച്ച് നിയമനടപടികളിലേക്ക് കടക്കും. നിയമോപദേശകനുമായി ആദ്യം സംസാരിക്കട്ടെ, എന്നിട്ടു തീരുമാനമെടുക്കും. നിയമനടപടി സ്വീകരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.’ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഡിജിപിയ്ക്കു കീഴിലെ സ്പെഷ്യല്‍ സെല്‍ ഈ പരാതി ആദ്യം പരിശോധിയ്ക്കും. അതിനു ശേഷം ഏതു തരത്തില്‍ നിയമനടപടി സ്വീകരിക്കണം എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരാതി പഠിച്ച് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഞ്ജു വാര്യര്‍ കഴിഞ്ഞ ദിവസം ഡിജിപിയുടെ അടുക്കല്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. ഇതിനു പുറമെ ഫെഫ്കയ്ക്കും താരം പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ എന്ത് അന്വേഷണത്തിനും സഹകരിക്കുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോനും പ്രതികരിച്ചിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്.

Exit mobile version