വിധി ബലാത്സംഗം പോലെ; തടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കുക; ഹൈബി ഈഡന്റെ ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍

വീടിന് അകത്ത് വെള്ളം കയറിയ ചിത്രങ്ങള്‍ക്ക് ഒപ്പമായിരുന്നു അന്ന ലിന്‍ഡ ഈഡന്റെ വിവാദ കുറിപ്പ്.

കൊച്ചി: കൊച്ചിയില്‍ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ രൂപപ്പെട്ട വെള്ളക്കെട്ടുമായി ബന്ധപ്പെട്ട്,
എറണാകുളം എംപി ഹൈബി ഈഡന്റെ ഭാര്യ അന്ന ലിന്‍ഡ ഈഡന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.

വിധി ബലാത്സംഗം പോലെയാണെന്നും തടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കാന്‍ ശ്രമിക്കണമെന്ന പോസ്റ്റാണ് അന്ന ലിന്‍ഡ ഈഡന്‍ ഫേസ്ബുക്കില്‍ ഇട്ടത്. വീടിന് അകത്ത് വെള്ളം കയറിയ ചിത്രങ്ങള്‍ക്ക് ഒപ്പമായിരുന്നു അന്ന ലിന്‍ഡ ഈഡന്റെ വിവാദ കുറിപ്പ്.

കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ കൊച്ചി നഗരം വെള്ളത്തില്‍ മുങ്ങിയിരുന്നു. പ്രളയസമാനമായിരുന്ന വെള്ളക്കെട്ടായിരുന്നു രൂപപെട്ടത്. വെള്ളക്കെട്ടില്‍ എറണാകുളം എംപി ഹൈബി ഈഡന്റെ വീടിന്റെ താഴത്തെ നിലയിലും വെള്ളം കയറിയിരുന്നു. വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനവും വെള്ളത്തില്‍ മുങ്ങിയിരുന്നു. വീട്ടിന് ചുറ്റും വെള്ളം നിറഞ്ഞപ്പോള്‍ റെസ്‌ക്യൂ ബോട്ടില്‍ കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന വീഡിയോയും, ഒപ്പം സ്ഥലത്തില്ലാത്ത ഹൈബി ഈഡന്‍ എംപി ആസ്വദിച്ച് സിസ്ലേഴ്‌സ് കഴിക്കുന്ന വീഡിയോയും ഉള്‍പ്പെടുത്തിയുള്ളതാണ് അന്ന ലിന്‍ഡ ഈഡന്റെ ഫേസ്ബുക്ക് പോസ്റ്റ്.

വീഡിയോക്ക് ഒപ്പം കുറിച്ച വാചകമാണ് വിമര്‍ശനം ക്ഷണിച്ചുവരുത്തിയത്. ഫേസ്ബുക്ക് പോസ്റ്റില്‍ ബലാത്സംഗത്തെ മഹത്വവത്കരിക്കുന്നുവെന്നാണ് വിമര്‍ശനം. വിവാദമായതോടെ അന്ന ലിന്‍ഡ ഈഡന്‍ പോസ്റ്റ് പിന്‍വലിച്ചു.

Exit mobile version