നാല് ദിവസം കൂടി മഴ കനക്കും; ഏഴ് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്, അതീവ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് ഉള്ളത്.

തിരുവനന്തപുരം: തുലാവര്‍ഷം ശക്തിപ്രാപിക്കുകയാണ്. അടുത്ത നാല് ദിവസം കൂടി മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് ഏഴ് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

കനത്ത മഴയെ തുടര്‍ന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് ഉള്ളത്. ഈ ജില്ലകളില്‍ 20 സെന്റിമീറ്ററിലധികം മഴയ്ക്ക് സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ കൂടാതെ ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് വിവരം.

അറബിക്കടലിലെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതാണ് കനത്ത മഴയ്ക്ക് കാരണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അടുത്ത 36 മണിക്കൂറില്‍ ഇത് തീവ്രന്യൂനമര്‍ദ്ദമായി മാറിയേക്കും. രണ്ട് ദിവസത്തിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദ്ദവും മഴ കനക്കാന്‍ കാരണമാകും.

Exit mobile version