സ്‌നേഹവാത്സല്യത്തിന്റെ കാക്കി; ഉപതെരഞ്ഞെടുപ്പിനിടെ മഞ്ചേശ്വരത്ത് നിന്നുള്ള കാഴ്ച പങ്കുവെച്ച് കേരളാ പോലീസ്

പോലീസ് തന്നെയാണ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവെച്ചത്.

കൊച്ചി: കനത്ത മഴയിലും സംസ്ഥാനം ഇന്ന് അഞ്ചിടങ്ങളില്‍ ജനവിധി തേടുകയാണ്. പ്രളയസമാനമായ മഴയെ പോലും അവഗണിച്ച് നിരവധി പേരാണ് തങ്ങളുടെ വോട്ട് രേഖപ്പെടുത്താന്‍ എത്തിയിരുന്നത്. മഴ ബാധിക്കാതിരുന്നത് ഒരു മണ്ഡലത്തെ മാത്രമാണ്. അത് മഞ്ചേശ്വരത്താണ്. മണ്ഡലത്തില്‍ മഴ ബാധിക്കാത്തതിനാല്‍ കനത്ത പോളിങ് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റ് നാലിടത്തും മഴ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ബാധിച്ചത് കൊച്ചിയെ ആണ്.

ഹൈവേ റോഡുകളിലടക്കം വെള്ളം പൊന്തിയതോടെ വോട്ടര്‍മാര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ എത്താന്‍ കഴിയാത്ത അവസ്ഥയായി. എങ്കിലും വോട്ടിംഗ് ഇപ്പോഴും പുരോഗമിക്കുന്നുണ്ട്. ഇതിനിടെ കേരളാ പോലീസ് തങ്ങളുടെ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ ആണ് വൈറലാകുന്നത്. ഉപതെരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്താന്‍ വന്ന യുവതിയുടെ കുഞ്ഞിനെ എടുത്ത് നിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ ആണ് വൈറലാകുന്നത്.

പോലീസ് തന്നെയാണ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവെച്ചത്. സ്‌നേഹവാത്സല്യത്തിന്റെ കാക്കി എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. നിരവധി പേര്‍ പോലീസ് ഉദ്യോഗസ്ഥന് അഭിനന്ദനങ്ങള്‍ നേര്‍ന്നു. വോട്ട് ചെയ്യാന്‍ വന്ന മാതാവില്‍ നിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങി, വോട്ട് ചെയ്ത് കഴിയും വരെ കുഞ്ഞിനെ മാറോട് ചേര്‍ത്ത് അണച്ച് നിധിപോലെ കാത്തു സൂക്ഷിക്കുകയായിരുന്നു ഈ പോലീസ് ഉദ്യോഗസ്ഥന്‍.

Exit mobile version