സ്മാരകം പണിയുന്നതില്‍ സര്‍ക്കാരിനെ അഭിനന്ദിച്ചും നന്ദി അറിയിച്ചും ബാലാജി രാമനാഥന്റെ കത്ത്; തിരികെ നന്ദി പ്രകടനവുമായി എകെ ബാലന്‍

മന്ത്രി എകെ ബാലനാണ് കത്ത് ലഭിച്ച വിവരം പങ്കുവെച്ചത്.

തിരുവനന്തപുരം: രാജ്യത്തിന് ഇന്ന് കേരളം സമ്മാനിക്കുന്നത് ഗാന്ധി സ്മരണകളുടെ ഓര്‍മ്മപ്പെടുത്തലായ ശബരി ആശ്രമം പുനര്‍നിര്‍മ്മാണവും കേരളത്തിന്റെ സംഗീതസപര്യയിലെ അഭിമാനം എംഡി രാമനാഥന്റെ സ്മാരകവുമാണ്. ഇപ്പോള്‍ എംഡി രാമനാഥന്റെ സ്മാരകം പണിയുന്നതില്‍ സര്‍ക്കാരിനെ അഭിനന്ദിച്ചും നന്ദി അറിയിച്ചും മകന്‍ ബാലാജി രാമനാഥന്‍ കത്തയച്ചിരിക്കുകയാണ്.

മന്ത്രി എകെ ബാലനാണ് കത്ത് ലഭിച്ച വിവരം പങ്കുവെച്ചത്. സന്തോഷം നിറഞ്ഞ ഈ ദിവസത്തെ പക്ഷേ, ഏറെ ധന്യമാക്കിയത് ഒരു കത്താണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. കത്ത് സര്‍ക്കാരിനുള്ള നന്ദി അറിയിച്ചുകൊണ്ടാണ് അവസാനിക്കുന്നത്. ഈ കത്തിലെ ഓരോ വാക്കുകളും പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനുള്ള അംഗീകാരമാണ്.

അതോടൊപ്പം ഈ സര്‍ക്കാര്‍ കലാകാരന്മാര്‍ക്ക് നല്‍കുന്ന സ്‌നേഹത്തിന്റെയും ആദരത്തിന്റെയും പ്രതീകം കൂടിയാണെന്നും മന്ത്രി കുറിച്ചു. സംഗീത പ്രേമികള്‍ക്കും സംസ്ഥാന സര്‍ക്കാരിനും വേണ്ടി എംഡി രാമനാഥന്റെ കുടുംബാംഗങ്ങള്‍ക്കും മകന്‍ ബാലാജി രാമാനന്ദനും നന്ദി അറിയിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഇന്ന് പാലക്കാട് ജില്ലയിലെ സുപ്രധാനമായ രണ്ട് പദ്ധതികള്‍ ബഹു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുകയാണ്. രാജ്യത്തിന് കേരളം സമ്മാനിക്കുന്ന ഗാന്ധി സ്മരണകളുടെ ഓര്‍മ്മപ്പെടുത്തലായ ശബരി ആശ്രമം പുനര്‍നിര്‍മ്മാണവും കേരളത്തിന്റെ സംഗീതസപര്യയിലെ അഭിമാനം എം ഡി രാമനാഥന്റെ സ്മാരകവുമാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. സന്തോഷം നിറഞ്ഞ ഈ ദിവസത്തെ പക്ഷെ, ഏറെ ധന്യമാക്കിയത് ഒരു കത്താണ്. എം ഡി രാമനാഥന്റെ മകന്‍ ബാലാജി രാമനാഥന്‍ സര്‍ക്കാരിന് നല്‍കിയ കത്ത്. സര്‍ക്കാരിനുള്ള അഭിനന്ദനവും എം ഡി രാമനാഥന്റെ കുടുംബത്തിന്റെ നന്ദിപ്രകടനവുമായിരുന്നു കത്തിന്റെ ഉള്ളടക്കം.

‘എന്റെ വന്ദ്യപിതാവ് കര്‍ണാടക സംഗീതത്തിന് നല്‍കിയ സംഭാവനകളെ കേരള സര്‍ക്കാര്‍ ആദരിച്ചതിന് മാതാവ് ശ്രീമതി. വിശാലം രാമനാഥന്റെ പേരില്‍ ഞാന്‍ ആത്മാര്‍ത്ഥമായി അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. 1968 ല്‍ സംസ്ഥാന അവാര്‍ഡ് നല്‍കികൊണ്ട് എന്റെ പിതാവിനെ ആദ്യമായി അംഗീകരിച്ചത് കേരള സര്‍ക്കാരായിരുന്നു. അന്ന് ആ അവാര്‍ഡിന് അദ്ദേഹം സ്‌നേഹവും നന്ദിയും അറിയിച്ചത് ഇപ്പോഴും എന്റെ ഓര്‍മ്മയില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ 50 വര്‍ഷത്തിന് ശേഷം ഒരുക്കുന്ന സ്മാരകം അദ്ദേഹത്തിന്റെ സംഗീത പൈതൃകത്തെ പ്രോജ്വലിപ്പിക്കുന്നതാണ്.’

ഇങ്ങനെ തുടരുന്ന കത്ത് സര്‍ക്കാരിനുള്ള നന്ദി അറിയിച്ചുകൊണ്ടാണ് അവസാനിക്കുന്നത്. ഈ കത്തിലെ ഓരോ വാക്കുകളും പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനുള്ള അംഗീകാരമാണ്. അതോടൊപ്പം ഈ സര്‍ക്കാര്‍ കലാകാരന്മാര്‍ക്ക് നല്‍കുന്ന സ്‌നേഹത്തിന്റെയും ആദരത്തിന്റെയും പ്രതീകം കൂടിയാണ്. സംഗീത പ്രേമികള്‍ക്കും സംസ്ഥാന സര്‍ക്കാരിനും വേണ്ടി എം ഡി രാമനാഥന്റെ കുടുംബാംഗങ്ങള്‍ക്കും മകന്‍ ബാലാജി രാമാനന്ദനും നന്ദി അറിയിക്കുന്നു.

Exit mobile version