കുട്ടനാടിന്റെയും പുന്നമട കായലിന്റെയും ഭംഗി ആസ്വദിച്ച് നെതര്‍ലാന്‍ഡ് രാജാവും രാജ്ഞിയും ആലപ്പുഴയില്‍

ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരേയും സ്വീകരിച്ചത്. തുടര്‍ന്ന് പ്രത്യേകം സജ്ജമാക്കിയ ബോട്ടില്‍ ഇരുവരും കായല്‍ സവാരി നടത്തി. താലപ്പൊലിയുടെ അകമ്പടിയുമുണ്ടായി.

ആലപ്പുഴ: കുട്ടനാടിന്റെയും പുന്നമട കായലിന്റെയും പ്രകൃതി ഭംഗി ആസ്വദിച്ച് നെതര്‍ലാന്‍ഡ് രാജാവ് വില്ല്യം അലക്സാണ്ടറും രാജ്ഞി മാക്സിമയും ആലപ്പുഴയില്‍. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരേയും സ്വീകരിച്ചത്. തുടര്‍ന്ന് പ്രത്യേകം സജ്ജമാക്കിയ ബോട്ടില്‍ ഇരുവരും കായല്‍ സവാരി നടത്തി. താലപ്പൊലിയുടെ അകമ്പടിയുമുണ്ടായി.

വഞ്ചിവീടിന് മുന്നിലായി വിവിധ സ്‌കൂളുകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ കുട്ടനാടന്‍ പുഞ്ചയിലെ.. തുടങ്ങിയ വഞ്ചിപ്പാട്ടു അവതരിപ്പിച്ചു. ഈണത്തില്‍ ചൊല്ലിയാടിയ കുട്ടികളുടെ പ്രകടനം കൗതുകത്തോടെയാണ് രാജാവും രാജ്ഞിയും കണ്ടുനിന്നത്. തുടര്‍ന്ന് പ്രത്യേകം സജ്ജമാക്കിയ വഞ്ചിവീട്ടില്‍ കയറി സംഘം രണ്ടരകിലോമീറ്റര്‍ അകലെയുള്ള എസ്എന്‍ ജെട്ടിയിലേക്ക് നീങ്ങി.

കുട്ടനാടന്‍ മേഖലകളില്‍ സവാരി നടത്തുന്നതിനിടെ മുല്ലക്കല്‍ വില്ലേജിലെ പാടശേഖരത്ത് ഇരുവരും ഇറങ്ങി പ്രകൃതി ഭംഗി ആസ്വദിക്കുകയും ചെയ്തു. കുട്ടനാട്ടിലെ കൃഷിയുടെ പ്രത്യേകതകളും രാജാവും രാജ്ഞിയും ചോദിച്ചറിഞ്ഞു.

ഇന്നലെയാണ് നെതര്‍ലാന്‍ഡ് രാജാവും രാജ്ഞിയും രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തിയത്. ന്യൂഡല്‍ഹിയിലെയും മുംബൈയിലെയും പര്യടനം പൂര്‍ത്തിയാക്കിയ രാജ ദമ്പതികള്‍ക്ക് കേരള തനിമയാര്‍ന്ന സ്വീകരണമാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയത്.

അതേസമയം, നെതര്‍ലാന്റ് രാജാവിന്റേയും രാജ്ഞിയുടേയും സന്ദര്‍ശനം പ്രമാണിച്ച് ഇന്ന് ആലപ്പുഴയില്‍ റോഡ് ഗതാഗതത്തിനും, ബോട്ട് സര്‍വീസിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Exit mobile version