ആശുപത്രിയില്‍ നിന്ന് രണ്ടര പവന്റെ സ്വര്‍ണ വള കളഞ്ഞുകിട്ടി; ഉടമയെ കണ്ടെത്തി തിരികെ ഏല്‍പ്പിച്ച് തിലകന്‍, മാതൃക

പുന്നപ്ര വടക്ക് പഞ്ചായത്ത് വാടയ്ക്കല്‍ ഷൈനി നിവാസില്‍ തിലകനാണ് രണ്ടര പവന്റെ സ്വര്‍ണ വള ഉടമയ്ക്ക് തിരികെ നല്‍കി മാതൃകയായത്

അമ്പലപ്പുഴ: ആശുപത്രിയില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണ വള ഉടമയ്ക്ക് തിരികെ നല്‍കി മാതൃകയായി തിലകന്‍. പുന്നപ്ര വടക്ക് പഞ്ചായത്ത് വാടയ്ക്കല്‍ ഷൈനി നിവാസില്‍ തിലകനാണ് രണ്ടര പവന്റെ സ്വര്‍ണ വള ഉടമയ്ക്ക് തിരികെ നല്‍കി മാതൃകയായത്.

ഭാര്യ ഇന്ദിരയുടെ ചികിത്സയുമായി ബന്ധപ്പെട്ട് സഹകരണ ആശുപത്രിയില്‍ എത്തിയതായിരുന്നു തിലകന്‍. അപ്പോഴാണ് തറയില്‍ വള വീണു കിടക്കുന്നത് കണ്ടത്. ആശുപത്രിയില്‍ അന്വേഷിച്ചെങ്കിലും ഉടമയെ കണ്ടെത്താനായില്ല. തുടര്‍ന്ന് വീട്ടിലെത്തിയ തിലകന്‍ സമീപവാസിയായ ശാന്താറാമിനോട് സംഭവം പറഞ്ഞു. ഇരുവരും ചേര്‍ന്ന് ആഭരണം പുന്നപ്ര സ്റ്റേഷനില്‍ എത്തിച്ചു.

അതിനിടെ ആഭരണം നഷ്ടപ്പെട്ട പുറക്കാട് സ്വദേശിനി ആരിഫയും മകന്‍ ഷാനവാസും ആശുപത്രിയിലെത്തി അന്വേഷിച്ചിരുന്നു. ആശുപത്രി അധികൃതര്‍ തിലകന്റെ ഫോണ്‍ നമ്പര്‍ നല്‍കി.

ഫോണുമായി തിലകനെ ബന്ധപ്പെട്ടപ്പോള്‍ ആഭരണം പോലീസ് സ്റ്റേഷനിലുണ്ടെന്ന് അറിയിച്ചു. തുടര്‍ന്ന് തിലകനും ശാന്താറാമും സ്റ്റേഷനിലെത്തി ആരിഫയ്ക്ക് ആഭരണം കൈമാറി. എസ് ഐ മാരായ സിദ്ദീഖ്, റിയാസ് എന്നിവരുടെ സാന്നിധ്യത്തിലാണ് വള കൈമാറിയത്. കയ്യുടെ എക്‌സ്‌റേ എടുക്കുന്നതിന് മുമ്പ് വള അഴിച്ച് ബാഗിലിട്ടപ്പോള്‍ നിലത്തു വീണതാകാമെന്ന് ആരിഫ പറഞ്ഞു.

Exit mobile version