യുഡിഎഫിന് പിന്തുണ നല്‍കണമെന്ന നിലപാട് സുകുമാരന്‍ നായരുടേത്; ഇതിനെതിരെ കരയോഗങ്ങളില്‍ തന്നെ എതിര്‍പ്പുയരുന്നുണ്ട്; കോടിയേരി ബാലകൃഷ്ണന്‍

തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിച്ചതിന് എന്‍എസ്എസിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായും കോടിയേരി അറിയിച്ചു.

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച എന്‍എസ്എസ് നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫിന് പിന്തുണ നല്‍കണമെന്ന നിലപാട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടേതാണ്. അതില്‍ ദുരുദ്ദേശ്യമുണ്ട്. അത് പരിശോധിക്കണമെന്ന് കോടിയേരി പറഞ്ഞു.

ആര് എന്ത് ആഹ്വാനം പറഞ്ഞാലും എന്‍എസ്എസിലെ സിപിഎമ്മുകാരും കോണ്‍ഗ്രസുകാരും ബിജെപിക്കാരും അവരവരുടെ പാര്‍ട്ടിക്ക് മാത്രമേ വോട്ട് ചെയ്യുകയുള്ളു. യുഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചതിനെതിരെ കരയോഗങ്ങളില്‍ നിന്ന് തന്നെ എതിര്‍പ്പുയരുന്നുണ്ട്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ ആഹ്വാനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശമുണ്ടാക്കുമെന്നതൊഴിച്ചാല്‍ തിരഞ്ഞെടുപ്പില്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും കോടിയേരി വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിച്ചതിന് എന്‍എസ്എസിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായും കോടിയേരി അറിയിച്ചു. ഒരു സമുദായ സംഘടന ഒരു പാര്‍ട്ടിക്ക് വേണ്ടി സ്‌ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നത് വിചിത്രമാണെന്നും കോടിയേരി പറഞ്ഞു.

മത-സാമുദായിക സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ തകര്‍ക്കുമെന്നും കോടിയേരി വ്യക്തമാക്കി. കേരളം മതനിരപേക്ഷ അടിത്തറയുള്ള ഒരു സംസ്ഥാനമാണ്. ഇത്തരത്തിലുള്ള ഇടപെടലുകള്‍ ഭാവിയില്‍ ഈ അടിത്തറ ഇളക്കുന്നതിലേക്ക് ചെന്നെത്തിക്കുമെന്നും കോടിയേരി പറഞ്ഞു.

Exit mobile version