പ്രതിഷേധക്കാര്‍ കൂട്ടമായെത്തി; മാലയിട്ട് വ്രതമെടുത്ത രേഷ്മ നിഷാന്ത് ശബരിമല യാത്ര ഉപേക്ഷിച്ചു

കണ്ണൂര്‍: ശബരിമല ദര്‍ശനം നടത്താന്‍ മാലയിട്ട് വ്രതമെടുത്ത രേഷ്മ നിഷാന്ത് യാത്ര ഉപേക്ഷിച്ചു. റയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധക്കാരും വീടിന് സമീപം നാട്ടുകാരും കൂട്ടമായെത്തിയതോടെയാണ് യാത്ര ഉപേക്ഷിച്ചത്. സുരക്ഷ വേണമെന്ന് രേഷ്മ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തിയെങ്കിലും സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ രേഷ്മ തീരുമാനത്തില്‍നിന്ന് പിന്‍മാറുകയായിരുന്നു.

കഴിഞ്ഞമാസം മാലയിട്ട ഇവര്‍ ഇന്ന് രാവിലെ ചെറുകുന്നില്‍ നിന്ന് കെട്ടുനിറച്ച് ഉച്ചയ്ക്ക് ട്രെയിന്‍ മാര്‍ഗം മറ്റു സുഹൃത്തുക്കളോടൊപ്പം പോകാനിരിക്കെയാണ് പ്രതിഷേധക്കാരെത്തിയത്.

ശനിയാഴ്ച വൈകിട്ട് 4.30നുള്ള ട്രെയിനില്‍ കണ്ണൂരില്‍ നിന്ന് യാത്ര തിരിക്കുമെന്നായിരുന്നു ഇവര്‍ പോലീസിനെ അറിയിച്ചിരുന്നത്. സംരക്ഷണം നല്‍കുമെന്ന് പോലീസും വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിവരമറിഞ്ഞ് ഉച്ചയോടെ രേഷ്മ നിഷാന്തിന്റെ വീടിനു സമീപത്ത് പ്രതിഷേധക്കാരും നാട്ടുകാരും സംഘമായി പ്രതിഷേധവുമായി എത്തിയ സാഹചര്യത്തിലാണു രേഷ്മയുടെ പിന്‍മാറ്റം. പ്രതിഷേധം കണക്കിലെടുത്ത് യാത്ര ഉപേക്ഷിക്കാന്‍ ബന്ധുക്കള്‍ പറഞ്ഞതും പിന്‍മാറ്റത്തിന് കാരണമായി.

മണ്ഡലകാലത്ത് 41 ദിവസത്തെ വ്രതമെടുത്ത് ശബരിമല കയറുമെന്ന് ഫേസ്ബുക്കില്‍ ചിത്രം സഹിതം രേഷ്മ പോസ്റ്റിട്ടിരുന്നു. രേഷ്മയ്ക്കുനേരേ ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയും വീട്ടുപരിസരത്ത് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. കണ്ണൂരിലെ ഒരു സ്വകാര്യ കോളജ് അധ്യാപികയാണ് രേഷ്മ. ഭര്‍ത്താവ് നിഷാന്ത് സഹകരണ ബാങ്ക് ഉദ്യോഗസ്ഥനാണ്.

Exit mobile version