വൈദ്യുതി വിതരണ മേഖലയും സ്വകാര്യവല്‍ക്കരിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍; വിയോജിപ്പ് അറിയിച്ച് കേരളം

രാജ്യത്തെ വൈദ്യുത വിതരണ മേഖല സ്വകാര്യവല്‍ക്കരിക്കുക എന്നത് കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളിലൊന്നാണ്.

തിരുവനന്തപുരം: വൈദ്യുതി വിതരണ മേഖല സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ വിയോജിപ്പ് അറിയിച്ച് കേരളം. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന വൈദ്യുത മന്ത്രിമാരുടെ യോഗത്തിലാണ് കേരളം വിയോജിപ്പ് അറിയിച്ചത്.

രാജ്യത്തെ വൈദ്യുത വിതരണ മേഖല സ്വകാര്യവല്‍ക്കരിക്കുക എന്നത് കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളിലൊന്നാണ്. കഴിഞ്ഞ 11, 12 തീയ്യതികളില്‍ ചേര്‍ന്ന സംസ്ഥാന വൈദ്യുതി മന്ത്രിമാരുടെ യോഗത്തിലും കേന്ദ്രസര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ചിരുന്നു.

സ്വകാര്യവല്‍ക്കരണം സംബന്ധിച്ച നിര്‍ദേശങ്ങളും, വൈദ്യുത വിതരണത്തിനായി സംസ്ഥാനങ്ങള്‍ക്ക് ഒന്നിലധികം സ്വകാര്യ കമ്പനികളെ ഏര്‍പ്പെടുത്താമെന്ന മാതൃകയും ഊര്‍ജ്ജ വകുപ്പ് യോഗത്തില്‍ ഉന്നയിച്ചു. എന്നാല്‍, ഇത്തവണ ചേര്‍ന്ന യോഗത്തിലും സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര നിര്‍ദേശത്തെ കേരളം എതിര്‍ത്തു. മന്ത്രിമാരുടെ യോഗത്തില്‍ വൈദ്യുത മന്ത്രി എംഎം മണി പങ്കെടുത്തില്ല. എന്നാല്‍ യോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ വിയോജിപ്പ് അറിയിച്ചെന്നാണ് സൂചന.

Exit mobile version